ട്രംപിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്കിടെ പുടിനുമായി ചർച്ച നടത്തി മോദി

Aug 8, 2025 - 16:29
 0  3
ട്രംപിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്കിടെ പുടിനുമായി ചർച്ച നടത്തി  മോദി

ഡൽഹി: ഇന്ത്യയ്ക്കുമേൽ ഇരട്ട തീരുവ ചുമത്താനുള്ള അമേരിക്കയുടെ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ, റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുടിനുമായി വിശദമായ സംഭാഷണം നടത്തിയതായും ഉഭയകക്ഷി അജണ്ടയിലെ പുരോഗതിയെക്കുറിച്ച് സംസാരിച്ചതായും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

യുക്രെയ്‌നിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ പുടിൻ പങ്കുവച്ചു. ഉഭയകക്ഷി അജണ്ടയിലെ പുരോഗതിയും ഞങ്ങൾ അവലോകനം ചെയ്തു. ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതിലെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു. ഈ വര്‍ഷം അവസാനം പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മോദി എക്സിൽ കുറിച്ചു.

ഈ വർഷം അവസാനത്തോടെയായിരിക്കും പുടിൻ ഇന്ത്യ സന്ദർശിക്കുക. പുടിന്റെ ഇന്ത്യ സന്ദർശനത്തിനുള്ള തീയതികൾ ആലോചിച്ചുവരികയാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു. റഷ്യ-യുക്രെയ്ൻ സംഘർഷം ആരംഭിച്ചതിനു ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യ സന്ദർശനമായിരിക്കും ഇത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു.