വ്യക്തിപരമായി തന്നെ ആക്രമിക്കാനും കുടുക്കാനും ശ്രമം നടക്കുന്നു ; ഡോ. ഹാരിസ് ചിറക്കൽ

തിരുവനന്തപുരം: വ്യക്തിപരമായി തന്നെ ആക്രമിക്കാനും കുടുക്കാനും ബോധപൂർവം ശ്രമം നടക്കുന്നതായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വീഴ്ചകൾ തുറന്നുപറഞ്ഞ ഡോ. ഹാരിസ് ചിറക്കൽ. മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ ഡോക്ടർമാരുടെ സംഘടനയുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഡോക്ടർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഉപകരണഭാഗം കാണാതായെന്ന ആക്ഷേപത്തിൽ ഡോക്ടറുടെ മുറി തുറന്നു പരിശോധിച്ച അധികൃതർ മറ്റൊരു താഴിട്ട് പൂട്ടിയതാണ് ഡോക്ടറെ പ്രകോപിപ്പിച്ചത്.
കെജിഎംസിടിഎ യുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന സന്ദേശം ഡോക്ടർ ഹാരിസ് പങ്കുവെച്ചത്. നാലാം തീയതി മുതൽ ഡോക്ടർ ഹാരിസ് അവധിയിലാണ്. ഡോക്ടറുടെ അസാന്നിധ്യത്തിൽ മെഡിക്കൽ കോളജ് അധികൃതർ രണ്ടുതവണ ഡോക്ടറുടെ ഓഫീസ് റൂം പരിശോധിച്ചു. ഇന്നലെ രാവിലെ പ്രിൻസിപ്പൽ, സൂപ്രണ്ട് തുടങ്ങിയവർ ഓഫിസ് റൂമിൽ എത്തുകയും പരിശോധിച്ച ശേഷം മറ്റൊരു താഴിട്ട് മുറി പൂട്ടുകയും ആയിരുന്നു. തുടർന്നാണ് എന്തിനിങ്ങനെ ചെയ്തുവെന്ന് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഡോക്ടർ ഹാരിസ് ഗ്രൂപ്പിൽ സന്ദേശം പോസ്റ്റ് ചെയ്തത്.