ധര്‍മസ്ഥല കേസ്: യൂട്യൂബര്‍ മനാഫിന് അന്വേഷണ സംഘത്തിന്റെ നോട്ടീസ്

ബംഗളൂരു: ധര്‍മസ്ഥല കേസുമായി ബന്ധപ്പെട്ട് ലോറി ഉടമയും യൂട്യൂബറുമായ മനാഫിന് നോട്ടീസ്. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനും കേസുമായി ബന്ധപ്പെട്ട് കയ്യിലുള്ള തെളിവുകളും ഡിജിറ്റല്‍ രേഖകളും ഹാജരാക്കാന്‍ എസ്‌ഐടി (പ്രത്യേക അന്വേഷണ സംഘം) നിര്‍ദ്ദേശിച്ചു. ഹാജരായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കി.
ധര്‍മസ്ഥലയിലെ കൊലപാതക പരമ്പരകളെക്കുറിച്ചുള്ള ആരോപണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ മനാഫ് പങ്കുവെച്ചിരുന്നു. ധര്‍മസ്ഥലയിലെ സംഭവം മലയാളികളെ അറിയക്കുക എന്നത് മാത്രമാണ് താന്‍ ചെയ്തതെന്ന് മനാഫ് പറഞ്ഞു. വ്യാജ ആരോപണങ്ങളുടെ പേരില്‍ അന്വേഷണം നേരിടുന്ന ടി ജയന്തിനൊപ്പം ചേര്‍ന്നാണ് മനാഫ് വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്.
മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ധര്‍മസ്ഥല വിവാദത്തിലാകുന്നത്. 1992 മുതല്‍ 2014 വരെ നൂറില്‍പ്പരം പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹം താന്‍ മറവുചെയ്‌തെന്ന് ശുചീകരണത്തൊഴിലാളി അവകാശപ്പെട്ടു. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അരക്കോടിയിലേറെ രൂപ ചെലവിട്ട് നേത്രാവതി നദിക്കരയില്‍ കുഴിച്ചിട്ട് ഒന്നും കിട്ടിയില്ലെന്നാണ് എസ്.ഐ.ടി പറയുന്നത്.