ഹരിയാനയില്‍ വന്‍ അട്ടിമറി, 25 ലക്ഷത്തിന്റെ വോട്ടുകൊള്ള; ആരോപണവുമായി രാഹുല്‍ ഗാന്ധി
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 ലക്ഷം കള്ള വോട്ടുകള്‍ നടന്നെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. ബിജെപിക്ക് കള്ളവോട്ടിന് എല്ലാ സഹായവും നല്‍കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. സ്വീറ്റി, സീമ, സരസ്വതി എന്നീ വ്യത്യസ്ത പേരുകളില്‍ ഒരു യുവതി 22 പ്രാവശ്യം പത്തു ബൂത്തുകളിലായി വോട്ട് ചെയ്തെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതിന്റെ രേഖകളും രാഹുല്‍ പുറത്തുവിട്ടു. ഇത്തരത്തില്‍ വോട്ട് ചെയ്തത് ബ്രസീലീയന്‍ മോഡല്‍ മതിയൂസ് ഫെരെരോയാണെന്നും രാഹുല്‍ പറഞ്ഞു. ഹരിയാനയില്‍ നടന്നത് ഓപ്പറേഷന്‍വോട്ട് ചോരി ആണ് എന്ന് അദ്ദേഹം പറഞ്ഞു. ആകെ 2 കോടി വോട്ടര്‍മാരുള്ള ഹരിയാനയില്‍ 25 ലക്ഷം വോട്ടുകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
'ഇതിനര്‍ത്ഥം ഹരിയാനയിലെ എട്ട് വോട്ടര്‍മാരില്‍ ഒരാള്‍ വ്യാജനാണ്, അതായത് 12.5 ശതമാനം. ഒരു യുവതി 22 തവണ 10 ബൂത്തുകളിലായി വോട്ട് ചെയ്തു,' രാഹുല്‍ പറഞ്ഞു. ഇതിന്റെ രേഖകളും രാഹുല്‍ പുറത്തുവിട്ടു. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ വന്‍ ഗൂഢാലോചന നടന്നു എന്നും 25 ലക്ഷം വോട്ടുകളില്‍ ഇത്തരത്തില്‍ തിരിമറി നടന്നെന്നും രാഹുല്‍ പറഞ്ഞു. എക്‌സിറ്റ് പോളുകളെല്ലാം ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം പ്രവചിച്ചിരുന്നെങ്കിലും ഫലങ്ങള്‍ ബിജെപിയുടെ വിജയത്തിലേക്ക് നയിച്ചു.
'ക്രമീകരണങ്ങള്‍' നടത്തിയിട്ടുണ്ടെന്നും ബിജെപി വോട്ടെടുപ്പില്‍ വിജയിക്കുകയാണെന്നും ബിജെപി നേതാവും മുഖ്യമന്ത്രിയുമായ നയാബ് സിംഗ് സൈനി ഫലത്തിന് മുമ്പ് മാധ്യമങ്ങളോട് പറയുന്ന വീഡിയോയും അദ്ദേഹം കാണിച്ചു. 'എന്താണ് ഈ ക്രമീകരണങ്ങള്‍ എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന് ഒരു നിമിഷത്തിനുള്ളില്‍ വ്യാജ വോട്ടര്‍മാരെ നീക്കം ചെയ്യാന്‍ കഴിയുമെന്നിരിക്കെ എന്തുകൊണ്ട് അവര്‍ അത് ചെയ്യുന്നില്ല എന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയെ സഹായിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വോട്ടര്‍ പട്ടികയില്‍ ഒരേ ചിത്രങ്ങളുള്ളതും എന്നാല്‍ വ്യത്യസ്ത പേരുകളുള്ളതുമായ വോട്ടര്‍ ഐഡികളുടെ നിരവധി ഉദാഹരണങ്ങള്‍ കാണിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വാര്‍ത്താസമ്മേളനം.