ജെല്ലിക്കെട്ട് മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി; പ്രഖ്യാപനവുമായി സ്‌റ്റാലിൻ

Jan 17, 2026 - 12:34
 0  5
ജെല്ലിക്കെട്ട് മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി; പ്രഖ്യാപനവുമായി സ്‌റ്റാലിൻ

ചെന്നൈ: ജെല്ലിക്കെട്ട് മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിൻ. മൃഗസംരക്ഷണ വകുപ്പിലായിരിക്കും ജോലി നൽക്കുക. അളങ്കാനല്ലൂർ ജെല്ലിക്കട്ട് ഉദ്‌ഘാടനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

അളങ്കാനല്ലൂരിൽ ജെല്ലിക്കെട്ട് കാളകൾക്കായി പ്രത്യേക ചികിത്സാ കേന്ദ്രം ആരംഭിക്കും. ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും സ്‌റ്റാലിൻ പറഞ്ഞു. തമിഴ്‌നാടിൻ്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്ന യുവാക്കളുടെ ധീരതയെ ആദരിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ജെല്ലിക്കെട്ട് കാളകളുടെ ശരിയായ വൈദ്യ പരിചരണത്തിലും പരിപാലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും അതുവഴി അവയുടെ ആരോഗ്യവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം അളങ്കാനല്ലൂർ ജെല്ലിക്കെട്ട് മത്സരം കാണുന്നത് ഏതൊരാളെ സംബന്ധിച്ചും ആവേശം നൽകുന്ന കാര്യമാണെന്നും സ്‌റ്റാലിൻ പറഞ്ഞു.

മത്സരത്തിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കു‌ന്നവർക്ക് മുഖ്യമന്ത്രി ആകർഷകമായ സമ്മാനങ്ങൾ നൽകും. ഒന്നാം സമ്മാനമായി ഒരു ഹ്യൂണ്ടായി കാറാണ് നൽകുക. രണ്ടാം സമ്മാനം മോട്ടോർ സൈക്കിളും മൂന്നാം സമ്മാനം ഇലക്‌ട്രിക് ബൈക്കുമാണ്.

അതുപോലെ കാള ഉടമകൾക്കും സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച പ്രകടനം കാഴ്‌ചവയ്ക്കു‌ന്ന കാളയുടെ ഉടമക്ക് ഉപമുഖ്യമന്ത്രി ഉദയനിധി സ്‌റ്റാലിൻ്റെ പേരിൽ നൽകുന്ന ഒരു ട്രാക്‌ടർ സമ്മാനമായി ലഭിക്കും. രണ്ടാമത്തെ കാളയുടെ ഉടമക്ക് മോട്ടോർ സൈക്കിളും മൂന്നാമത്തെ കാളയുടെ ഉടമക്ക് ഇലക്‌ട്രിക് ബൈക്കും ലഭിക്കും.