കേരളത്തിൽ 'സിജെപി' സഖ്യം; ബിജെപിയും ഇടതുപക്ഷവും രഹസ്യ ധാരണയിലെന്ന് ഖാർഗെ

Mar 25, 2026 - 19:50
 0  2
കേരളത്തിൽ 'സിജെപി' സഖ്യം; ബിജെപിയും ഇടതുപക്ഷവും  രഹസ്യ ധാരണയിലെന്ന്  ഖാർഗെ

കോഴിക്കോട്: കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷവും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണയാണെന്ന്   കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോഴിക്കോട് കടപ്പുറത്ത് നടന്ന യുഡിഎഫ് മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ 'സിജെപി' സഖ്യമാണെന്നും ബിജെപിക്ക് നൽകുന്ന ഓരോ വോട്ടും എൽഡിഎഫിന് നൽകുന്നതിന് തുല്യമാണെന്നും ബിജെപി സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് എൽഡിഎഫിന്റെ വിജയത്തിന് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.


കേരളത്തിന്റെ മണ്ണും മനസ്സും മനസ്സിലാക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ലെന്ന് ഖാർഗെ പരിഹസിച്ചു. കേരളത്തിനുള്ളിൽ അവർ അന്യഗ്രഹ ജീവികളെപ്പോലെയാണ് പെരുമാറുന്നത്. മതേതരത്വം പറയുന്ന സിപിഎം എങ്ങനെയാണ് ബിജെപിയുമായി നീക്കുപോക്കുണ്ടാക്കുന്നതെന്ന് വ്യക്തമാക്കണം. ബിജെപിയുടെ അജണ്ടയ്ക്കൊപ്പമാണ് സിപിഎം സഞ്ചരിക്കുന്നതെന്നും ദൈവത്തെ പോലും വെറുതെ വിടാത്ത രീതിയിലാണ് സർക്കാർ പെരുമാറുന്നതെന്നും ഖാർഗെ കുറ്റപ്പെടുത്തി. കുറ്റക്കാരെ സംരക്ഷിക്കുന്ന ഈ ഭരണത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ യുഡിഎഫ് തിരികെ വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ബിജെപി- സിപിഎം   അവിശുദ്ധ  ഒത്തുകളി നിലനിൽക്കുന്നുണ്ടെന്നും അതുകൊണ്ടാണ് കേരളത്തിലെ ഭരണകർത്താക്കൾക്കെതിരെയുള്ള അഴിമതിക്കേസുകളിൽ കേന്ദ്രം വിട്ടുവീഴ്ച ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. കോഴിക്കോട് നടന്ന യുഡിഎഫ് റാലിയിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയോട് വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന തനിക്ക് നിലവിൽ 46 കേസുകളുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ സിപിഎം നേതാക്കൾ അഴിമതിക്കേസുകളിൽ നിന്ന് അനായാസം രക്ഷപ്പെടുന്നത് രാഷ്ട്രീയമായ ഒത്തുകളിയുടെ ഭാഗമാണ്ന്നും അദ്ദേഹം പറഞ്ഞു.


സംസ്ഥാന സർക്കാർ നടത്തുന്നത് വെറും അഴിമതിയല്ല, മറിച്ച് കാട്ടുകൊള്ളയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ റാലിയിൽ പറഞ്ഞു. ശബരിമലയിലെ സ്വർണ്ണം കവർന്ന സർക്കാർ, അധികാരമൊഴിയുന്ന ഘട്ടത്തിൽ പോലും 200 ബാറുകൾക്ക് ലൈസൻസ് നൽകി അഴിമതി നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് നയിക്കും, കേരളം ജയിക്കും എന്ന മുദ്രാവാക്യത്തോടെ കേരളത്തെ രക്ഷിക്കാൻ ജനങ്ങൾ മുന്നോട്ട് വരണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു