കന്നിവോട്ടർമാർക്ക് പോളിംഗ് ബൂത്തിൽ ഹൽവാ മധുരം!
കന്നിവോട്ടർമാരെ വരവേൽക്കാൻ പോളിംഗ് ബൂത്തുകളിൽ ഇത്തവണ ഹൽവാ മധുരവും . കന്നിവോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും അവരെ ജനാധിപത്യ പ്രക്രിയയിലേക്ക് ആവേശത്തോടെ സ്വാഗതം ചെയ്യുന്നതിനുമായി ‘വോട്ട് സ്വീറ്റൻഡ് കേരള’ എന്ന പ്രത്യേക കാമ്പയിൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ട പോളിംഗ് ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താനെത്തുന്ന കന്നിവോട്ടർമാർക്ക് പ്രത്യേകമായി ബ്രാൻഡ് ചെയ്ത ‘ഫുൾവ-ഹൽവ’ പാക്കറ്റുകളാണ് സമ്മാനമായി നൽകുക.
യുവതലമുറയെ വോട്ടിംഗ് ബൂത്തുകളിലേക്ക് കൂടുതൽ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട നീക്കം. വോട്ട് രേഖപ്പെടുത്തുന്നതിനൊപ്പം ആ നിമിഷം അവിസ്മരണീയമാക്കാൻ ഈ മധുര വിതരണം സഹായിക്കുമെന്ന് അധികൃതർ കരുതുന്നു.
ഓരോ ജില്ലയിലെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ (DEO) നിശ്ചയിക്കുന്ന പ്രത്യേക ബൂത്തുകളിലായിരിക്കും ഹൽവ വിതരണം നടക്കുക. ഇതിനായി ഓരോ ഡി.ഇ.ഒ ഓഫീസിലും 200 ഹൽവ പാക്കറ്റുകൾ വീതം വിതരണത്തിനായി എത്തിക്കും.
വോട്ടിംഗ് നടപടികൾക്ക് യാതൊരു വിധ തടസ്സവും ഉണ്ടാകാത്ത രീതിയിലാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്. ബൂത്ത് ലെവൽ ഓഫീസർമാരോ വോളന്റിയർമാരോ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ‘കന്നിവോട്ടർ’ ആണെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും ഹൽവ നൽകുക.