മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജാമ്യം
തിരുവനന്തപുരം: നീണ്ട 11 വർഷത്തെ ജയിൽവാസത്തിന് ശേഷം മാവോയിസ്റ്റ് നേതാവ് രൂപേഷ് ജാമ്യം നേടി പുറത്തിറങ്ങി. 2015-ൽ കോയമ്പത്തൂരിൽ വെച്ച് ഭാര്യ ഷൈന ഉൾപ്പെടെ അഞ്ച് പേർക്കൊപ്പം അറസ്റ്റിലായ രൂപേഷ്, വിവിധ കേസുകളിലെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഇപ്പോൾ ജയിലിന് പുറത്തെത്തുന്നത്.
കേരളത്തിലും തമിഴ്‌നാട്ടിലുമായി ആകെ 42 കേസുകളാണ് രൂപേഷിനെതിരെ ചുമത്തിയിരുന്നത്. ഇതിൽ പലതും യുഎപിഎ വകുപ്പുകൾ പ്രകാരമുള്ളവയാണ്. നിലവിൽ 16 കേസുകളിൽ വിചാരണ തുടരുകയാണ്. മുൻപ് രണ്ട് കേസുകളിൽ നേരത്തെ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
കൊച്ചി എൻഐഎ കോടതി ശിക്ഷിച്ച വിവാദമായ വെള്ളമുണ്ട കേസിൽ സുപ്രീം കോടതിയുടെ ഇടപെടലോടെയാണ് ഇപ്പോൾ മോചനം സാധ്യമായത്.
രണ്ട് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും എല്ലാ മാസവും ആദ്യ തിങ്കളാഴ്ച കളമശേരിയിലെ എൻഐഎ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം ലഭിച്ചത്. ജയിലിന് പുറത്തെത്തിയ രൂപേഷിനെ ഭാര്യ ഷൈനയും സഹപ്രവർത്തകരും ചുവന്ന ഷാൾ അണിയിച്ചും മുദ്രാവാക്യം വിളികളോടെയുമാണ് സ്വീകരിച്ചത്. ജയിൽ മോചിതനായതിന് പിന്നാലെ ഇടതുപക്ഷ സർക്കാരിനെതിരെ അദ്ദേഹം രൂക്ഷമായ വിമർശനം ഉന്നയിച്ചു.