കോളേജ് വിദ്യാർത്ഥിനി കാറപകടത്തിൽ മരിച്ച സംഭവം: പ്രതിയായ യുവഡോക്ടറെ കണ്ടെത്താനാകാതെ പോലീസ് ; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
കൊച്ചി: അങ്കമാലിയിൽ കോളേജ് വിദ്യാർത്ഥിനി ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ കാറപകടത്തിൽ പ്രതിയായ യുവഡോക്ടറെ കണ്ടെത്താനാകാതെ പോലീസ് വലയുന്നു. ഒളിവിൽ കഴിയുന്ന പ്രതി ഡോ. സിറിയക് ജോർജ് വിദേശത്തേക്ക് കടക്കുന്നത് തടയാൻ പോലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി.
അപകടം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതിൽ പോലീസിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഫെബ്രുവരി 28-ന് പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ ബി.കോം വിദ്യാർത്ഥിനി ജസ്‌ലിയ ജോൺസണെ സിറിയക് ഓടിച്ച കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം കാർ നിർത്താതെ പോയതും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ആദ്യഘട്ടത്തിലെ വീഴ്ചയും വലിയ വിവാദമായിട്ടുണ്ട്.
ചികിത്സയിലായിരുന്ന ജസ്‌ലിയ ചൊവ്വാഴ്ച രാവിലെ മരണത്തിന് കീഴടങ്ങിയിരുന്നു. മകൾ നഷ്ടപ്പെട്ട വേദനയിലും ജസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തയ്യാറായ പ്രവൃത്തി നാടിന്റെ നൊമ്പരമായി മാറി.
കോട്ടയം അതിരമ്പുഴ സ്വദേശിയായ സിറിയക് ജോർജ് ചാലാക്ക മെഡിക്കൽ കോളേജിലെ ഹൗസ് സർജനാണ്. അപകടസമയത്ത് കാറിലുണ്ടായിരുന്ന സഹപാഠി അക്ഷയ് കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയിരുന്നു. സിറിയക്കിന്റെ പേരിൽ നിലവിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതിയെ പിടികൂടാൻ വൈകുന്നത് ഉന്നത സ്വാധീനം മൂലമാണെന്ന ആരോപണം ശക്തമാണ്. ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതോടെ സംസ്ഥാനത്തെ വിമാനത്താവളങ്ങളിലും അതിർത്തികളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഒരു യുവഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ ഈ നിരുത്തരവാദപരമായ സമീപനത്തിനെതിരെ മെഡിക്കൽ മേഖലയിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.