ചെങ്കടലില്‍ ഇന്ത്യന്‍ ചരക്കുകപ്പലിന് നേര്‍ക്ക് ആക്രമണം, കപ്പല്‍ മുങ്ങി; 14 ജീവനക്കാരെ രക്ഷപ്പെടുത്തി
ന്യൂഡല്‍ഹി: ചെങ്കടലില്‍ യെമന്‍ തീരത്തിന് സമീപം ഇന്ത്യന്‍ ചരക്കുകപ്പലിന് നേരെ ആക്രമണം. 'എം എസ് വി ഫൈസ് നൂര്‍ ഒലിയ' എന്ന കപ്പലിനു നേര്‍ക്കാണ് പ്രൊജക്ടൈല്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തെത്തുടര്‍ന്ന് നിയന്ത്രണം വിട്ട കപ്പല്‍ തലകീഴായി മറിഞ്ഞ് പൂര്‍ണമായും മുങ്ങി.
കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെയും യെമന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ ഒരാള്‍ യെമന്‍ സ്വദേശിയും ബാക്കിയെല്ലാവരും ഇന്ത്യക്കാരുമാണ്. രക്ഷപ്പെടുത്തിയ ജീവനക്കാരെ യെമനിലെ മൊഖ തുറമുഖത്ത് എത്തിച്ചതായും എല്ലാവരും സുരക്ഷിതരാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.