ബംഗ്ലാദേശിലെ വിസ അപേക്ഷാ കേന്ദ്രങ്ങൾ അടച്ച് ഇന്ത്യ
ധാക്ക: ബംഗ്ലാദേശിലെ രണ്ട് വിസ അപേക്ഷാ കേന്ദ്രങ്ങൾ ഇന്ത്യ അടച്ചുപൂട്ടി. ഇന്ത്യയുടെ രാജ്‌കോട്ട് , ഖുൽന എന്നിവിടങ്ങളിലെ വിസ കേന്ദ്രങ്ങളാണ് വ്യാഴാഴ്ച അടച്ചത്. സുരക്ഷാ ഭീഷണിയെത്തുടർന്നാണ് വിസ അപേക്ഷാ കേന്ദ്രങ്ങളുടെ പ്രവർത്തനം നിർത്തിവച്ചത്.
ജീവനക്കാരുടെ സുരക്ഷയിൽ ആശങ്ക വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി. കഴിഞ്ഞ ദിവസവും ധാക്കയിലെ ഇന്ത്യൻ വിസ കേന്ദ്രം വിദ്വേഷ പ്രസംഗങ്ങളെത്തുടർന്ന് അടച്ചിരുന്നു. ബംഗ്ലാദേശിലെ ഇന്ത്യൻ മിഷനുകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്.
ബംഗ്ലാദേശിൽ ആകെ 16 ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രങ്ങളുണ്ട്. ഈ കേന്ദ്രങ്ങൾ പ്രതിവർഷം ഏകദേശം 2.2 ദശലക്ഷം വിസ അപേക്ഷകൾ കൈകാര്യം ചെയ്യുന്നുണ്ട്. ബംഗ്ലാദേശിൽ വിസ അപേക്ഷകൾ സ്വീകരിക്കാൻ അംഗീകാരമുള്ള ഏക ഏജൻസി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്.
ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് ബംഗ്ലാദേശിലെ ഇന്ത്യൻ വിസ കേന്ദ്രങ്ങൾ സുരക്ഷാ കാരണങ്ങളാൽ അടച്ചിടുന്നത്. ഈ മാസം പതിനേഴിന് (ഡിസംബർ 17) ധാക്കയിലെ ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രം ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് അടച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരായ വിദ്വേഷപരവും പ്രകോപനപരവുമായ പ്രസംഗങ്ങൾ നടക്കുന്നതിനിടയിലാണ് ഈ നടപടി. ഈ വിഷയത്തിൽ ഇന്ത്യൻ വിസ ആപ്ലിക്കേഷൻ സെൻ്റർ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. അപേക്ഷ സമർപ്പിക്കാനുള്ള അവസരങ്ങൾ പിന്നീട് നൽകുമെന്നും അറിയിച്ചു.