സ്റ്റേഷനിലെത്തിയ ഗർഭിണിയെ സിഐ മുഖത്തടിച്ചു; ദൃശ്യങ്ങൾ പുറത്ത്

Dec 18, 2025 - 17:09
 0  3
സ്റ്റേഷനിലെത്തിയ ഗർഭിണിയെ  സിഐ മുഖത്തടിച്ചു;   ദൃശ്യങ്ങൾ പുറത്ത്

കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനുള്ളിൽ ഗർഭിണിയായ യുവതിയെ എസ്എച്ച്ഒ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. 2024-ൽ നടന്ന സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് യുവതിയുടെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഇപ്പോൾ ലഭിച്ചത്.

 ഭർത്താവിനെ കസ്റ്റഡിയിലെടുത്തത് അന്വേഷിക്കാനെത്തിയ ഷൈമോൾ എന്ന യുവതിയെ അന്നത്തെ സിഐ പ്രതാപചന്ദ്രൻ മുഖത്തടിക്കുന്നതും നെഞ്ചത്ത് പിടിച്ചുതള്ളുന്നതും ദൃശ്യങ്ങളിൽ കാണാം. മർദ്ദനത്തിന് പിന്നാലെ സഹപ്രവർത്തകർ ചേർന്ന് സിഐയെ പിടിച്ചുമാറ്റുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

സംഭവം നടന്ന സമയത്ത് തന്നെ തനിക്ക് മർദ്ദനമേറ്റതായി ഷൈമോൾ വെളിപ്പെടുത്തിയിരുന്നെങ്കിലും, പൊലീസിൻ്റെ ഭാഗത്തുനിന്നും അനുകൂല നടപടികളുണ്ടായിരുന്നില്ല. സ്റ്റേഷനിലെ ദൃശ്യങ്ങൾ വിട്ടുകിട്ടുന്നതിനായി ഷൈമോൾ നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ കോടതി ഇടപെട്ടാണ് ഇപ്പോൾ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാക്കിയത്. ഗർഭിണിയായ യുവതിക്ക് നേരെയുണ്ടായ ക്രൂരമായ ഈ പൊലീസ് നടപടി വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്