ഇറാൻ-യുഎസ് സംഘർഷം ; മധ്യസ്ഥ ചർച്ചയുമായി ഒമാൻ

Jan 13, 2026 - 19:49
 0  3
ഇറാൻ-യുഎസ് സംഘർഷം ; മധ്യസ്ഥ ചർച്ചയുമായി ഒമാൻ

ടെഹ്റാൻ: ഇറാനിൽ ജനകീയ പ്രതിഷേധം രൂക്ഷമായതിനു പിന്നാലെ തങ്ങൾ ശക്തമായ ഇടപെടൽ നടത്തും എന്ന് അമെരിക്കൻ പ്രഖ്യാപനം വന്നതിനു പിന്നാലെ ഇടപെടലുകളുമായി ഒമാൻ രംഗത്ത്. ഒമാന്‍റെ മധ്യസ്ഥതയിൽ ഇറാനും അമെരിക്കയും തമ്മിൽ ചർച്ച നടത്തുമെന്ന് വാർത്തകൾ പുറത്തു വന്നു തുടങ്ങി. ആദ്യ ഘട്ടം എന്ന നിലയിൽ ഒമാൻ വിദേശകാര്യമന്ത്രി ബദർ ബിൻ ഹമദ് അൽ ബുസൈദി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി കൂടിക്കാഴ്ച നടത്തി.

തന്‍റെ ഭീഷണിയെ തുടർന്ന് ഇറാൻ ചർച്ചയ്ക്കു മുന്നോട്ടു വന്നു എന്നാണ് ഇക്കാര്യത്തിൽ ട്രംപിന്‍റെ അവകാശവാദം. ചർച്ചയ്ക്കുള്ള നടപടികൾ വൈറ്റ് ഹൗസ് ആരംഭിച്ചെന്നും ട്രംപ് പറഞ്ഞെങ്കിലും ഇക്കാര്യം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല.ഇറാന്‍റെ ആണവ പദ്ധതിക്കും ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കും കടുത്ത നിയന്ത്രണങ്ങളാണ് യുഎസ് മുന്നോട്ടു വയ്ക്കുന്നത്. ഇതിന് ഇറാൻ വഴങ്ങാൻ സാധ്യതയില്ലാത്തതിനാൽ ഒത്തു തീർപ്പ് എങ്ങനെ സാധ്യമാകും എന്നത് വ്യക്തമല്ല.