ഹോർമുസ് കടലിടുക്ക് ഉപരോധിച്ച് അമേരിക്ക; കപ്പലുകൾ പിടിച്ചെടുക്കാൻ ഉത്തരവ്
ഹോർമുസ് കടലിടുക്കിൽ ഇറാനുനേരെയുള്ള ഉപരോധം അമേരിക്ക കർശനമാക്കുന്നു. ഇറാനിലെ തുറമുഖങ്ങളിലേക്ക് എത്തുന്നതും അവിടെനിന്ന് പുറപ്പെടുന്നതുമായ എല്ലാ കപ്പലുകളെയും തടയുമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് ഔദ്യോഗികമായി അറിയിച്ചു. ഉപരോധം ലംഘിക്കുന്ന കപ്പലുകൾ പിടിച്ചെടുക്കാനോ കർശനമായി ഇടപെടാനോ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. യുകെ മാരിടൈം ഏജൻസിയാണ് അമേരിക്കയുടെ ഈ നിർണ്ണായക നീക്കം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
പാകിസ്ഥാനിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഇറാനെ സാമ്പത്തികമായി തളർത്താൻ ലക്ഷ്യമിട്ട് ഡോണൾഡ് ട്രംപ് ഭരണകൂടം കടുത്ത നടപടികളിലേക്ക് കടന്നത്. ഇറാന് നൽകിയ സമയപരിധി അവസാനിച്ചതോടെ ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം രാത്രി 7:30 മുതൽ ഉപരോധം പൂർണ്ണതോതിൽ നിലവിൽ വരും. ഇറാൻ ഹോർമുസ് തുറന്നില്ലെങ്കിൽ മേഖലയിലെ മുഴുവൻ കപ്പൽ ഗതാഗതവും തടയുമെന്ന് പ്രസിഡന്റ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അമേരിക്കയുടെ നീക്കത്തിനെതിരെ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇറാൻ സൈന്യവും റെവല്യൂഷണറി ഗാർഡ്‌സും മുന്നറിയിപ്പ് നൽകി.