കുട്ടികളെ പുസ്തകപ്പുഴുക്കളാക്കി ശ്വാസംമുട്ടിക്കുന്ന രീതികൾ മാറണം

Mar 10, 2026 - 06:43
 0  9
കുട്ടികളെ പുസ്തകപ്പുഴുക്കളാക്കി ശ്വാസംമുട്ടിക്കുന്ന രീതികൾ മാറണം

 

 ലീലാമ്മതോമസ്, ബോട്സ്വാന

ഹോം സ്കൂളിംഗ്.  വളരെ, വളരെ, വളരെ ചർച്ച ചെയ്യേണ്ട വിഷയം.  ഇന്ന് കുട്ടികളുടെ പഠനം ഒരു മത്സരം പോലെ മാറിയിരിക്കുന്നു.  ആരാരുടെ കുഞ്ഞിന് എത്ര മാർക്ക്, ഏത് സിലബസ്, ഏത് സ്കൂൾ, ഏത് റാങ്ക്, ഇവയാണ് പല വീടുകളിലും ദിവസേന നടക്കുന്ന സംഭാഷണം. പക്ഷേ ഞാൻ പറയുന്നത് പുസ്തകവിവരമല്ല, എന്റെ സ്വന്തം അനുഭവമാണ്.  

കുഞ്ഞുങ്ങൾ ജനിക്കുന്നതിനു മുൻപേ തന്നെ “ഡോക്ടർ ആകണം… എഞ്ചിനീയർ ആകണം…” ഇതല്ലാതെ മറ്റൊരു സ്വപ്നവും എന്റെ മനസ്സിലുണ്ടായിരുന്നില്ല.  അന്നത്തെ കാലത്ത് എന്റെ ഗ്രാമത്തിൽ ICSE സിലബസ് ലഭ്യമായത് കിലോമീറ്ററുകൾ അകലെ ഒരു പട്ടണത്തിൽ മാത്രം. കുട്ടികളെ അതിൽ പഠിപ്പിക്കാനായി ഞാൻ ചിലവാക്കിയ പണവും യാത്രകളും ഇന്ന് ഓർക്കുമ്പോൾ അത് കുട്ടികളുടെ ഭാവിക്കായിരുന്നോ എന്റെ വിദ്യാഭ്യാസഭ്രാന്തിനായിരുന്നോ എന്നൊരു സംശയം തന്നെ തോന്നുന്നു.  

എനിക്ക് രണ്ടു മക്കളുണ്ട്. അവർ ഡോക്ടർ ആയില്ല. എഞ്ചിനീയറും ആയില്ല.  പക്ഷേ അമിത പഠിപ്പിക്കൽ, ട്യൂഷൻ,റാങ്ക്,മത്സരം  ഇവയുടെ ഇടയിൽ വളർന്നപ്പോൾ അവർക്ക് പുസ്തകം കാണുമ്പോൾ തന്നെ ഒരു വിരക്തി ഉണ്ടായി.  അവിടെയാണ് ഞാൻ ഒരു വലിയ സത്യം മനസ്സിലാക്കിയത്,   കുട്ടികളെ പുസ്തകപ്പുഴുക്കളാക്കി ശ്വാസംമുട്ടിക്കുന്ന രീതികൾ മാറണം.  കരിക്കുലം അനുസരിച്ചുള്ള പഠനം മാത്രം ഒരു കുട്ടിയുടെ വളർച്ചയ്ക്ക് മതിയാകില്ല. അവർക്കു സ്വാതന്ത്ര്യം വേണം, ചിന്തിക്കാൻ സമയം വേണം, ശ്വാസമെടുക്കാൻ ഇടം വേണം.  നാലും മൂന്നും ഏഴാണ്, അത് ക്ലാസ്സിലിരുന്നാലും, വീട്ടിലിരുന്നാലും, ഓൺലൈനായാലും ഏഴു തന്നെയാണേ.  അതുകൊണ്ടാണ് ഞാൻ ഉറക്കെ പറയുന്നത്, ഹോം സ്കൂളിംഗ്.  നൂറു പ്രാവശ്യം കൈ ഉയർത്തി ഞാൻ പറയാൻ തയ്യാറാണ്,   കുഞ്ഞുങ്ങൾക്ക് അല്പം ശ്വാസം തരൂ.  ഇന്ന് അമ്മമാർ തമ്മിലാണ് ഏറ്റവും വലിയ മത്സരം. എല്ലാവർക്കും ഫസ്റ്റ് റാങ്ക് വേണം. അതിനായി ട്യൂഷനും അധിക പുസ്തകങ്ങളും അവസാനമില്ലാത്ത സമ്മർദ്ദവും.  

പക്ഷേ ഇന്ന് ഞാൻ അഭിമാനത്തോടെ പറയാം, എന്റെ മകൻ ഡോക്ടറല്ല, എഞ്ചിനീയറുമല്ല. പക്ഷേ ശുദ്ധവായു ശ്വസിച്ച് സ്വന്തം കാലിൽ നിൽക്കുന്ന ഒരു നല്ല ബിസിനസുകാരനാണ്.  സൂര്യൻ ഉദിക്കാത്ത ദിവസങ്ങളുള്ള ആഫ്രിക്കയിലെ ബോട്സ്വാനയിൽ ഞാൻ കണ്ട ചില സ്കൂളുകൾ എന്നെ ആഴത്തിൽ ചിന്തിപ്പിച്ചു.  ചെറിയ വില്ലകൾ പോലെ പണിത ക്ലാസ്സ്‌റൂമുകൾ, വിശാലമായ ക്യാമ്പസ്, കൃഷി പഠിക്കാൻ ഫാം, ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന ഇടങ്ങൾ.  നമ്മുടെ നാട്ടിൽ എത്ര സ്കൂളുകൾക്ക് ഇങ്ങനെ ജീവിതം പഠിപ്പിക്കാൻ കഴിയുന്നുണ്ട്?  ഇന്ന് ഡിഗ്രിയും ഡോക്ടറേറ്റും വരെ ഓൺലൈൻ പഠനത്തിലൂടെ നേടുന്ന കാലമാണ്. സിലബസിനപ്പുറം അറിവ് ഇന്നത്തെ തലമുറയ്ക്ക് ലഭിക്കുന്നത് ഓൺലൈൻ ലോകത്തിലൂടെയാണ്.  ഓൺലൈൻ ക്ലാസ്സും ഹോം സ്കൂളിംഗും കുട്ടികൾക്ക് നൽകുന്നത്.   സ്വതന്ത്രമായ പഠനം വിശ്രമവേളകൾ  ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള അറിവുകൾ  താൽപര്യമുള്ള വിഷയങ്ങളിൽ ആഴത്തിൽ പഠിക്കാനുള്ള അവസരം.

  അതിനാൽ വീണ്ടും ഞാൻ പറയട്ടെ,   പഠനം ഭയമാക്കരുത്. പഠനം മത്സരമാക്കരുത്. കുട്ടികളെ ശ്വാസംമുട്ടിക്കരുത്.  കുട്ടികളെ പരീക്ഷയ്ക്കല്ല, ജീവിതത്തിനായി തയ്യാറാക്കുക.  ഹോം സ്കൂളിംഗ് എല്ലാവർക്കും സാധ്യമാകണമെന്നില്ല. പക്ഷേ കുട്ടികൾക്ക് അല്പം ശ്വാസം നൽകണം എന്ന ചിന്ത ഓരോ മാതാപിതാക്കളുടെ മനസ്സിലും ഉണ്ടാകണം.