രണ്ടാം ഘട്ട ചർച്ചകൾ പാക്കിസ്ഥാനിൽ നടക്കുമെന്ന് ട്രംപ്; പങ്കെടുക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് ഇറാൻ
വാഷിങ്ടൺ: ഇറാനുമായുള്ള രണ്ടാം ഘട്ട ചർച്ചകൾ തിങ്കളാഴ്ച പാകിസ്ഥാനിൽ വെച്ച് നടക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് തിരിച്ചതായും, ചർച്ചകൾക്കായി തിങ്കളാഴ്ച വൈകുന്നേരത്തോടെ അവർ അവിടെ എത്തുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ അറിയിച്ചു.
ഇറാനുമായുള്ള രണ്ടാം ഘട്ട ചർച്ചകൾക്കായി ഏതൊക്കെ ഉദ്യോഗസ്ഥരെയാണ് അമേരിക്ക അയക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയില്ല. എന്നാൽ, യുഎൻ അംബാസഡറെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തത് പ്രകാരം, ജെഡി വാൻസ് (ആദ്യഘട്ട നേരിട്ടുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയതും ഇദ്ദേഹമാണ്) അമേരിക്കൻ സംഘത്തെ നയിക്കും.
അതേസമയം, നാവിക ഉപരോധം നിലനിൽക്കുന്നിടത്തോളം കാലം പാക്കിസ്ഥാനിലേക്ക് ഒരു പ്രതിനിധി സംഘത്തെയും അയയ്ക്കുന്നതിനെക്കുറിച്ച് ഇറാൻ തീരുമാനമെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. അതിനിടെ, ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേൽ യുദ്ധ നീക്കങ്ങളെക്കുറിച്ച് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറും ഫോണിലൂടെ ചർച്ച നടത്തി.
അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, ഇരുപക്ഷവും അന്തിമ ചർച്ചയിൽ നിന്ന് ഏറെ അകലെയാണെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് പറഞ്ഞു. "ഞങ്ങൾ നിർബന്ധം പിടിക്കുന്ന ചില വിഷയങ്ങളുണ്ട്... അവർക്കും ചില റെഡ് ലൈനുകളുണ്ട്. എന്നാൽ ഈ പ്രശ്നങ്ങൾ ഒന്നോ രണ്ടോ മാത്രമാകാം. എങ്കിലും, അന്തിമമായ ഒരു തീരുമാനത്തിൽ എത്താൻ ഞങ്ങൾ ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ടെന്ന് സ്റ്റേറ്റ് ടെലിവിഷനോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.