കുവൈറ്റിൽ 3,795 പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നു
കുവൈറ്റ്: തദ്ദേശീയർക്ക് തൊഴിൽവിപണിയിൽ അവസരം വർദ്ധിപ്പിക്കാനുള്ള ' കുവൈറ്റൈസേഷൻ ' നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി 3,795 പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നു. കുവൈത്തി പൗരന്മാർക്ക് വിദ്യാഭ്യാസ തൊഴിൽ വിപണിയിൽ അവസരം കൂട്ടുന്നതിന് വേണ്ടിയാണ് നടപടി. മലയാളികളടക്കം നിരവധി പേരെ ഈ നീക്കം ബാധിക്കുമെന്നാണ് റിപ്പോർട്ട്.
എട്ട് സ്പെഷ്യലൈസേഷനുകളിൽ 3,795 കുവൈറ്റ് ഇതര അധ്യാപകരുടെ സേവനം ക്രമേണ അവസാനിപ്പിക്കും. ഇതിനായി ഒരു പഞ്ചവത്സര പദ്ധതിക്ക് രൂപം കൊടുത്തിരിക്കുകയാണ് സിവിൽ സർവീസ് കമ്മീഷൻ. ഈ പദ്ധതി പ്രകാരം ഓരോ വർഷവും 766 അധ്യാപകരെ വീതം പിരിച്ചുവിടും. 2026–2027 അധ്യയന വർഷത്തിന്റെ അവസാനത്തിൽ 731 അധ്യാപകരെയും പിരിച്ചുവിടും. മൊത്തം 3,795 പേർക്ക് തൊഴിൽ നഷ്ടപ്പെടും. ഈ കാലയളവിൽ വിദേശ പൗരന്മാരെ നിയമിക്കുന്നതിനും സ്വാഭാവികമായ തടസ്സങ്ങളുണ്ടാകും. ചുരുക്കത്തിൽ വലിയ തോതിലുള്ള തൊഴിലവസരങ്ങളാണ് ഇന്ത്യക്കാർ അടക്കമുള്ളവര്‍ക്ക് നഷ്ടപ്പെടാൻ പോകുന്നത്.
ഇസ്ലാമിക് സ്റ്റഡീസിൽ മാത്രം 1083 പേർക്ക് തൊഴിൽ നഷ്ടമാകും. ഫ്രഞ്ച് ഭാഷാ അധ്യാപകരില്‍ 204 പേർക്ക് തൊഴിൽ നഷ്ടപ്പെടും. കലാപഠനത്തിൽ 148 പേർക്കും തൊഴിൽ നഷ്ടപ്പെടും. ഇക്കണോമിക്സ് പഠിപ്പിക്കുന്ന 91 അധ്യാപകർക്കാണ് തൊഴിൽ പോവുക. സൈക്കോളജി പഠിപ്പിക്കുന്ന 24 ഇതര രാജ്യ അധ്യാപകർക്ക് തൊഴിൽ നഷ്ടമാകും.
അതെസമയം കുവൈത്തിവൽക്കരണ നടപടികൾ അതിദ്രുതം പുരോഗമിക്കുകയാണെന്ന് കുവൈറ്റ് സാമൂഹ്യക്ഷേമ മന്ത്രാലയം അറിയിച്ചു. സഹകരണ സംഘങ്ങളിലെ സൂപ്പർവൈസറി തസ്തികകളിലേക്ക് തദ്ദേശീയരെ നിയമിക്കുന്ന പ്രക്രിയ ഈ ദിവസങ്ങളിൽ നടന്നു വരികയാണ്.