ഇറാനുമായി ചർച്ചകൾക്ക് തന്റെ പ്രതിനിധികൾ ഇസ്ലാമബാദിലേക്ക് പോകുന്നു: കരാർ അംഗീകരിച്ചില്ലെങ്കിൽ ഇറാനെ തകർക്കുമെന്ന് ട്രംപ്

Apr 19, 2026 - 16:42
 0  10
ഇറാനുമായി  ചർച്ചകൾക്ക്  തന്റെ പ്രതിനിധികൾ  ഇസ്ലാമബാദിലേക്ക് പോകുന്നു: കരാർ അംഗീകരിച്ചില്ലെങ്കിൽ ഇറാനെ തകർക്കുമെന്ന്   ട്രംപ്

ഇറാനുമായി നയതന്ത്ര ചർച്ചകൾക്കായി തന്റെ പ്രതിനിധികൾ പാകിസ്ഥാനിലെ ഇസ്ലാമാബാദിലേക്ക് പോകുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ചർച്ചകളിൽ അമേരിക്ക മുന്നോട്ടുവെക്കുന്ന കരാർ അംഗീകരിക്കാൻ ഇറാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തെ എല്ലാ ഊർജ്ജനിലയങ്ങളും പാലങ്ങളും തകർക്കുമെന്ന കടുത്ത ഭീഷണിയും ട്രംപ് ഉയർത്തിയിട്ടുണ്ട്.

ഹോർമുസ് കടലിടുക്കിൽ ഇറാൻ കഴിഞ്ഞ ദിവസം നടത്തിയ വെടിവെപ്പ് നിലവിലുള്ള വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഫ്രഞ്ച്, ബ്രിട്ടീഷ് കപ്പലുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമാബാദിൽ നടക്കുന്ന രണ്ടാം ഘട്ട ചർച്ചകൾക്കായി നാളെ വൈകുന്നേരത്തോടെ അമേരിക്കൻ സംഘം പാകിസ്ഥാനിലെത്തും.

ഇറാൻ പ്രഖ്യാപിച്ച ഹോർമുസ് കടലിടുക്ക് ഉപരോധത്തെ ട്രംപ് പരിഹസിച്ചു. അമേരിക്കൻ ഉപരോധം മൂലം ആ പാത നേരത്തെ തന്നെ അടഞ്ഞ നിലയിലാണെന്നും, ഇതുവഴി ഇറാനു പ്രതിദിനം 500 മില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾ ന്യായമായ ഒരു കരാറാണ് വാഗ്ദാനം ചെയ്യുന്നത്. അത് സ്വീകരിച്ചില്ലെങ്കിൽ ഇറാനിലെ പവർ പ്ലാന്റുകളും പാലങ്ങളും അമേരിക്ക തകർക്കും. ഇനി വിട്ടുവീഴ്ചയുണ്ടാകില്ല. കഴിഞ്ഞ 47 വർഷമായി മറ്റ് പ്രസിഡന്റുമാർ ചെയ്യാത്തത് താൻ ചെയ്യും. ഇറാനെന്ന കില്ലിങ് മെഷീനെ നശിപ്പിക്കേണ്ട സമയമായി,” ട്രംപ് പോസ്റ്റിൽ കുറിച്ചു