ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും ; ഇറാന് മുന്നറിയിപ്പ്

Apr 19, 2026 - 11:14
Apr 19, 2026 - 16:44
 0  19
ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായാൽ   വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും ;  ഇറാന് മുന്നറിയിപ്പ്

ന്യൂഡൽഹി : ഹോർമുസ് കടലിടുക്കിൽ വെച്ച് രണ്ട് ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നാവികസേന വെടിവെയ്പ്പ് നടത്തിയ സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ഇന്ത്യ. ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായാൽ ഇറാൻ ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് ഇന്ത്യൻ ചരക്ക് കപ്പലുകൾക്ക് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് വെടിയുതിർത്ത സംഭവത്തിൽ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി. ഏപ്രിൽ 18 ശനിയാഴ്ച നടന്ന സംഭവത്തെത്തുടർന്ന്, ഡൽഹിയിലെ ഇറാൻ സ്ഥാനപതി മുഹമ്മദ് ഫതാലിയെ വിദേശകാര്യ മന്ത്രാലയം അടിയന്തരമായി വിളിച്ചുവരുത്തി.

ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിച്ചാൽ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇറാൻ സ്ഥാനപതിയെ അറിയിച്ചു. കപ്പലുകൾക്ക് നേരെ ഇറാൻ ഗൺബോട്ടുകൾ വെടിയുതിർത്തതോടെ കപ്പലുകൾ യാത്ര ഉപേക്ഷിച്ച് തിരികെ പോകാൻ നിർബന്ധിതമായിരുന്നു.
കപ്പലുകളിലെ ജീവനക്കാർ സുരക്ഷിതരാണ്. കപ്പലുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു