ഗാസ വെടി നിര്‍ത്തൽ;  ആദ്യ ഘട്ടത്തിന് ഇസ്രയേൽ - ഹമാസ്  ധാരണയായതായി റിപ്പോര്‍ട്ട്

Oct 9, 2025 - 17:18
 0  14
ഗാസ  വെടി നിര്‍ത്തൽ;  ആദ്യ ഘട്ടത്തിന് ഇസ്രയേൽ - ഹമാസ്  ധാരണയായതായി റിപ്പോര്‍ട്ട്
 
 ഗാസയില്‍ വെടി നിർത്തലിനുള്ള ആദ്യ ഘട്ടത്തിന് ധാരണയിലെത്തി ഇസ്രയേലും ഹമാസും. ഗാസയില്‍ ബന്ദികളാക്കപ്പെട്ട എല്ലാവരേയും വിട്ടയയ്ക്കുന്നതും ഇസ്രയേല്‍ സേനയുടെ ഒരു പരിധി വരെയുള്ള പിന്മാറ്റവുമാണ് വെടിനിർത്തല്‍ ധാരണയിലെ ആദ്യഘട്ടം.
 
 അമേരിക്കയുടെ മധ്യസ്ഥതയില്‍ നടക്കുന്ന വെടിനിർത്തല്‍ ധാരണയില്‍ ഏതാനും പലസ്തീൻ തടവുകാരെയും വിട്ടയ്ക്കും. ബന്ദികളാക്കപ്പെട്ടവരെ തിങ്കളാഴ്ചയോടെ വിട്ടയയ്ക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് വിശദമാക്കിയത്. എന്നാല്‍ ഹമാസ് ആയുധം ഉപേക്ഷിച്ചതിന് പിന്നാലെയുള്ള ഗാസയിലെ ഭരണപരമായ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയേക്കുറിച്ച്‌ ട്രംപ് വിശദമാക്കിയില്ല. 
 
 ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് സഹമന്ത്രിമാരെ ഇക്കാര്യത്തില്‍ ധാരണയിലെത്തിക്കുമെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ക്യാബിനറ്റ് അനുമതി ലഭിച്ചാല്‍ മാത്രമാണ് വെടിനിർത്തല്‍ ധാരണയിലെ ആദ്യ ഘട്ടം നടപ്പിലാവുക. ഇതിനായി ക്യാബിനറ്റിന്റെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് നെതന്യാഹു. ഗാസയിലും ഇസ്രയേലിലും ആഘോഷത്തോടെയാണ് വെടിനിർത്തല്‍ ധാരണയെ സ്വീകരിച്ചതെങ്കിലും മേഖലയില്‍ സമഗ്രമായ ഒരു സമാധാന കരാർ ഇപ്പോഴും യാഥാർത്ഥ്യമായേക്കില്ലെന്ന ആശങ്കയാണ് ഇരു പക്ഷത്തേയും ആളുകള്‍ പ്രതികരിച്ചത്. ഗാസയില്‍ രണ്ടു വർഷമായി തുടരുന്ന അശാന്തി അവസാനിപ്പിക്കാനുള്ള ശ്രമത്തെ  ലോകനേതാക്കള്‍ ഇരു കൈകളും നീട്ടിയാണ് സ്വാഗതം ചെയ്തത്. കരാറിലേക്ക് ഇസ്രയേല്‍ ഹമാസ് നേതൃത്വത്തെ എത്തിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പ്രത്യേകം നന്ദി പ്രകടിപ്പിച്ചാണ് തുക്കി പ്രധാനമന്ത്രി തയ്യിബ് എർദ്ദോഗന്റെ പ്രതികരണം എത്തിയത്. എക്സിലൂടെയാണ് തുർക്കി പ്രധാനമന്ത്രി പ്രതികരണം അറിയിച്ചത്.