വയനാട് തുരങ്കപാത നിർമ്മാണം തടയണം: സുപ്രീം കോടതിയിൽ ഹർജി
വയനാട് തുരങ്കപാത നിർമ്മാണം അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീം കോടതിയെ സമീപിച്ചു. വിവാദമായ ഈ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റേ ഏർപ്പെടുത്തണമെന്നും, കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.
പ്രദേശത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങൾ കൃത്യമായി പഠിക്കാതെയാണ് കേന്ദ്രം പദ്ധതിക്ക് അനുമതി നൽകിയതെന്ന് ഹർജിക്കാർ ആരോപിക്കുന്നു. പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പദ്ധതി വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയും സമിതി ഉയർത്തുന്നുണ്ട്.
നേരത്തെ ഇതേ ആവശ്യവുമായി സമിതി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലാണ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്