കോഴിക്കോട് ഡോക്ടര്‍ക്ക് വെട്ടേറ്റു: ആക്രമിച്ചത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചു മരിച്ച കുട്ടിയുടെ പിതാവ്; മിന്നൽ പണിമുടക്കിന് കെജിഎംഒഎ

Oct 8, 2025 - 11:30
Oct 8, 2025 - 13:21
 0  3
കോഴിക്കോട്   ഡോക്ടര്‍ക്ക് വെട്ടേറ്റു: ആക്രമിച്ചത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചു മരിച്ച കുട്ടിയുടെ പിതാവ്; മിന്നൽ പണിമുടക്കിന്   കെജിഎംഒഎ

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു. ഡോക്ടര്‍ വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. ഡോക്ടറെ ആക്രമിച്ച സനൂപ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡോക്ടറുടെ തലയ്ക്ക് ഗുരുതരമായ പരിക്കുണ്ട്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസ്സുകാരിയുടെ പിതാവാണ് ആക്രമിച്ച സനൂപ്. ആശുപത്രിയിലേക്ക് കടന്നുചെന്ന അനൂപ് വടിവാളുകൊണ്ട് ഡോക്ടറുടെ തലയില്‍ വെട്ടുകയായിരുന്നു. 'എന്റെ മകളെ കൊന്നു കളഞ്ഞവനല്ലേ' എന്നു ചോദിച്ചായിരുന്നു ആക്രമണം നടത്തിയത്.
 
'എന്റെ കുട്ടിക്ക് നീതി ലഭിച്ചില്ലെന്നും' സനൂപ് ആക്രോശിച്ചു. സാരമായി പരിക്കേറ്റ ഡോക്ടര്‍ വിപിനെ താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഓഗസ്റ്റിലാണ് കുട്ടി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചത്.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയെ ആദ്യം ചികിത്സിച്ചത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. ഈ സമയത്ത് ആശുപത്രി അധികൃതരുടെ ഭാഗത്ത് അലംഭാവം ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. പനി ബാധിച്ച് എത്തിയ കുട്ടിക്ക് വേണ്ട ചികിത്സ നല്‍കിയില്ലെന്നായിരുന്നു കുടുംബം പരാതിപ്പെട്ടിരുന്നത്.
സംഭവത്തെ തുടർന്ന് മിന്നൽ പണിമുടക്കിന് ആഹ്വാനം ചെയ്ത് കെജിഎംഒഎ. കോഴിക്കോട് ജില്ലയിൽ ഡോക്ടർമാർ പണിമുടക്കും. നിലവിൽ താലൂക്ക് ആശുപത്രിയിലെ പ്രവർത്തനം ഡോക്ടർമാർ നിർത്തി വെച്ചിരിക്കുകയാണ്