നാല് പുതിയ ട്രെയിനുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

Jan 23, 2026 - 17:28
 0  5
നാല്  പുതിയ ട്രെയിനുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ റെയിൽവേ വികസനത്തിൽ പുതിയ ചരിത്രം എഴുതിച്ചേർത്ത്  മൂന്ന് പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും ഒരു പാസഞ്ചർ ട്രെയിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പുതിയ ട്രെയിനുകൾ കേരളത്തിന് സമർപ്പിച്ചത്.

 കേരളത്തിനു പുറമെ തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ സഹായിക്കുന്നവയാണ് ഈ ട്രെയിനുകൾ.

പുതിയ ട്രെയിനുകൾ


തിരുവനന്തപുരം സെൻട്രൽ - താംബരം അമൃത് ഭാരത് എക്സ്പ്രസ്:

 തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലെ താംബരത്തിലേക്കുള്ള ഈ ട്രെയിൻ തിരുനെൽവേലി, കോവിൽപട്ടി, വിരുദുനഗർ, മധുര, തിരുച്ചിറപ്പള്ളി, വൃദ്ധാചലം വഴി സർവീസ് നടത്തും.

തിരുവനന്തപുരം - ചാർലപ്പള്ളി (ഹൈദരബാദ്) അമൃത് ഭാരത് എക്സ്പ്രസ്:

കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം, ജോലാർപേട്ട, റെനിഗുണ്ട, നെല്ലൂർ, തെനാലി, ഗുണ്ടൂർ, നൽഗൊണ്ട തുടങ്ങിയ പ്രധാന സ്ഥലങ്ങളിലൂടെ ആണ് സർവീസ് നടത്തുക.

നാഗർകോവിൽ - മംഗളൂരു അമൃത് ഭാരത് എക്സ്പ്രസ്:

 തിരുവനന്തപുരം സെൻട്രൽ, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് വഴി മംഗലാപുരത്തേക്ക് പോകുന്ന ഈ ട്രെയിൻ കേരളത്തിലെ വടക്കൻ ജില്ലക്കാർക്ക് വലിയ ആശ്വാസമാകും.


തൃശൂർ - ഗുരുവായൂർ പാസഞ്ചർ ട്രെയിൻ:

പ്രാദേശിക യാത്രക്കാർക്കും തീർത്ഥാടകർക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുന്ന തരത്തിലുള്ള സർവീസാണിത്. ഇന്ന് ഫ്ലാഗ് ഓഫ് ചെയ്ത ട്രെയിനുകൾ പ്രത്യേക സർവീസുകളായാണ് സർവീസ് നടത്തുന്നത്. ഇവയുടെ സ്ഥിരം സമയക്രമം റെയിൽവേ ഉടൻ പുറത്തിറക്കും.