പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് പകുതിയോളം വെട്ടിക്കുറച്ചതായി ഗതാഗത മന്ത്രി ഗണേഷ് കുമാർ

Jan 23, 2026 - 18:53
Jan 23, 2026 - 20:05
 0  9
പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് പകുതിയോളം വെട്ടിക്കുറച്ചതായി ഗതാഗത മന്ത്രി  ഗണേഷ് കുമാർ

തിരുവനന്തപുരം: പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ഫീസിൽ കേന്ദ്ര സർക്കാർ വരുത്തിയ വലിയ വർധനവ് സംസ്ഥാന സർക്കാർ പകുതിയോളം വെട്ടിക്കുറച്ചതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉത്തരവായിട്ടുണ്ട്. കേന്ദ്ര നിയമഭേദഗതി പ്രകാരം 10, 15, 20 വർഷം പിന്നിട്ട ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഉയർന്ന നിരക്കുകളിൽ നിന്നും 50 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്.

നിരക്കുകൾ കുത്തനെ കൂട്ടിയത് സാധാരണക്കാരായ വാഹന ഉടമകളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തിന് നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു. പരിഷ്‌കാരം നടപ്പിലാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ സോഫ്റ്റ്വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് സർവീസ് നടത്തുന്ന ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനകൾ നടത്തിവരുന്നു, കർശനമായും ആധികാരികമായും 15 വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് ഫിറ്റ്നസ് അനുവദിക്കുമ്പോൾ പുക പരിശോധനകൾ ഉൾപ്പെടെ എല്ലാ ആവശ്യമായ ടെസ്റ്റുകളും നടത്തി അന്തരീക്ഷ മലിനീകരണം ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമാണ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിവരുന്നത്