ശബരിമല സ്വർണക്കൊള്ള കേസ്; കെ.പി ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി
ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായിരുന്ന മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. കേസിലെ 11-ാം പ്രതിയായ ശങ്കരദാസ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ഇനി ആശുപത്രിയിൽ തുടരേണ്ടതില്ലെന്നുമുള്ള മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
ജയിലിലെ ആശുപത്രി സെല്ലിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 84 വയസുള്ള ശങ്കരദാസിനെ അറസ്റ്റ് ചെയ്യാൻ വൈകിയതിനും ചോദ്യം ചെയ്യലിന് ശേഷം ആശുപത്രിയിൽ അഡ്മിറ്റായതിനും നേരത്തെ ഹൈക്കോടതി പോലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
അതേസമയം, കേസിലെ മറ്റൊരു പ്രതിയായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം ലഭിച്ചു. അറസ്റ്റിലായി 90 ദിവസം പൂർത്തിയായതിനെ തുടർന്ന് കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ നിന്നും പുറത്തിറങ്ങിയ അദ്ദേഹം സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ പ്രതിയാണ്. എന്നാൽ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, സംസ്ഥാനം വിട്ടുപോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ‘ദ്വാരപാലക’, ‘കട്ടിളപ്പാളി’ എന്നീ രണ്ട് കേസുകളിലും ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചിട്ടുണ്ട്.