കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ഭരണസമിതിയിലെ അംഗമാണ് വിജയകുമാര്‍. കൂട്ടുത്തരവാദിത്തമാണെന്ന പത്മകുമാറിന്റെ മൊഴി സാധൂകരിക്കുന്ന നടപടിയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ അറസ്റ്റ്.
നേരത്തെ വിജയകുമാറിന് എസ്‌ഐടി നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. തുടര്‍ന്ന് വിജയകുമാറിനെ ഇന്ന് നേരിട്ട് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ വിജയകുമാർ നിലവിൽ സിപിഎം തിരുവല്ലം ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമാണ്.
എ പത്മകുമാറിന്റെ കാലത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങളായിരുന്നു എന്‍ വിജയകുമാറും കെ പി ശങ്കര്‍ദാസും. ഇരുവരുടെയും അറസ്റ്റ് നടത്താത്തതിനെതിരെ ഹൈക്കോടതി ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. 2019ലെ ബോര്‍ഡ് മെമ്പര്‍മാരായ ശങ്കര്‍ദാസ്, എന്‍ വിജയകുമാര്‍ എന്നിവരെ എന്തിന് ഒഴിവാക്കിയെന്നും ഇവര്‍ക്കെതിരെ നടപടി എന്തുകൊണ്ട് എടുത്തില്ലെന്നും കോടതി ചോദിച്ചിരുന്നു. മറ്റ് പ്രതികളുടെ ജാമ്യപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. ഇരുവരെയും മുന്‍പ് എസ്‌ഐടി ചോദ്യം ചെയ്തിരുന്നു.
താന്‍ ഒരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്നും തീരുമാനങ്ങളെല്ലാം എടുത്തിരുന്നത് പത്മകുമാര്‍ തനിയെയെന്നും വിജയകുമാര്‍ പ്രതികരിച്ചു. സമ്മർദം താങ്ങാനായില്ലെന്നും വിജയകുമാര്‍ പറഞ്ഞു