പെണ്‍കുട്ടിക്ക് വേറെയും സൗഹൃദങ്ങളുണ്ടെന്ന് സംശയം : ചിത്രപ്രിയയും അലനും തമ്മിൽ വഴക്ക് പതിവ്; കൊല നടത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

Dec 11, 2025 - 08:58
 0  2
പെണ്‍കുട്ടിക്ക് വേറെയും സൗഹൃദങ്ങളുണ്ടെന്ന്  സംശയം : ചിത്രപ്രിയയും അലനും തമ്മിൽ വഴക്ക് പതിവ്;  കൊല നടത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കൊച്ചി: മലയാറ്റൂരില്‍ കൊല്ലപ്പെട്ട ചിത്രപ്രിയയും ആണ്‍സുഹൃത്ത് അലനും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നുവെന്ന് പൊലീസ്. പെണ്‍കുട്ടിക്ക് വേറെയും സൗഹൃദങ്ങളുണ്ടെന്ന സംശയത്തിലായിരുന്നു അലൻ. ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ നിരവധി തവണ വഴക്കുണ്ടായിട്ടുണ്ടെന്ന് വിവരം ലഭിച്ചു.

കൊല്ലപ്പെട്ട ചിത്രപ്രിയയും പ്രതി അലനും പഠനകാലം മുതൽ സുഹൃത്തുക്കളായിരുന്നു. ഇവരുടെ സൗഹൃദം വീട്ടുകാർക്കും അറിയാമായിരുന്നു. എന്നാൽ ചിത്രപ്രിയ ബെംഗളൂരുവിൽ പഠിക്കാൻ പോയതുമുതൽ ഇരുവരും തമ്മിലുള്ള സൗഹൃദം കുറഞ്ഞു. ബെംഗളൂരുവിൽ ചിത്രപ്രിയയ്ക്ക് മറ്റൊരു സുഹൃത്ത് ഉണ്ടെന്ന് പറഞ്ഞായിരുന്നു ഇത്. ഇക്കാ‌ര്യം പറഞ്ഞ് ഇരുവരും തർക്കങ്ങൾ പതിവായിരുന്നു

കൊലപാതകം നടന്ന ദിവസം കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പില്‍ ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നതിന്‍റെ ലക്ഷണമുണ്ട്.

ചിത്രപ്രിയയയുടെ മൃതദേഹത്തിന് സമീപം ഒഴിഞ്ഞ മദ്യക്കുപ്പിയും 2 സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും കണ്ടെത്തിയിരുന്നു. ചിത്രപ്രിയയുടെ തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്. തലയില്‍ ഒന്നില്‍ കൂടുതല്‍ അടിയേറ്റതിന്‍റെ മുറിവുകളുണ്ട്. പെണ്‍കുട്ടിക്ക് ആന്തരിക രക്തസ്രാവമുണ്ടായി. ശരീരത്തില്‍ ബലപ്രയോഗത്തിന്‍റെ പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിത്രപ്രിയയെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടാണെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ബെംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയായ ചിത്രപ്രിയയെ അവധിക്കായി നാട്ടിലെത്തിയതിന് പിന്നാലെയാണ് കാണാതായത്. അടുത്തുളള കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരികെ വന്നില്ല. ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കേസെടുത്ത കാലടി പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മലയാറ്റൂരിനടത്തുളള ഒഴിഞ്ഞ പറമ്പില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ചിത്രപ്രിയ ആണ്‍സുഹൃത്തായ അലനൊപ്പം ബൈക്കില്‍ പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. തുടർന്ന് രണ്ട് തവണ നടത്തിയ ചോദ്യംചെയ്യലില്‍ അലന്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.