മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ന്യൂഡൽഹി: സി.പി. രാധാകൃഷ്ണനെ എൻ.ഡി.എ.യുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി തിരഞ്ഞെടുത്തു. ബി.ജെ.പി. ദേശീയാധ്യക്ഷൻ ജെ.പി.നദ്ദയാണ് ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന ബി.ജെ.പി. പാർലമെന്ററി യോഗത്തിലാണ് രാധാകൃഷ്ണനെ സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്.
നിലവിൽ മഹാരാഷ്ട്ര ഗവർണറായ സി.പി. രാധാകൃഷ്ണൻ തമിഴ്‌നാട്ടിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ്. 2004 മുതൽ 2007 വരെ ബി.ജെ.പി.യുടെ തമിഴ്‌നാട് അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. തിരുപ്പൂർ സ്വദേശിയായ അദ്ദേഹം രണ്ട് തവണ കോയമ്പത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ജാർഖണ്ഡ്, തെലങ്കാന, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായും സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, കേരളത്തിന്റെ പ്രഭാരിയായും പ്രവർത്തിച്ചിട്ടുണ്ട്.