ഗ്യാനേഷ് കുമാറിനെതിരെ മുഖ്യമന്ത്രി സതീശൻ നാളെ പ്രമേയം അവതരിപ്പിക്കും; എൽഡിഎഫ് പിന്തുണയ്ക്കും
തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയിൽ നാളെ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി വി.ഡി സതീശനാണ് പ്രമേയം അവതരിപ്പിക്കുക. ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് കേരള നിയമസഭയുടെ അസാധാരണ നീക്കം.
നിയമസഭയിലെ ചട്ടം 118 പ്രകാരമായിരിക്കും പ്രമേയം കൊണ്ടുവരിക. ഭരണകക്ഷിയായ യു.ഡി.എഫും പ്രതിപക്ഷമായ എൽ.ഡി.എഫും ഒന്നടങ്കം പ്രമേയത്തെ പിന്തുണയ്ക്കും. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന നിയമസഭ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇത്തരമൊരു പ്രമേയം പാസാക്കാൻ ഒരുങ്ങുന്നത് എന്നതാണ് ശ്രദ്ധേയം.
എസ്.ഐ.ആർ വഴി രാജ്യത്തെ ലക്ഷക്കണക്കിന് വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുകയും വോട്ടവകാശം നിഷേധിക്കുകയും ചെയ്തുവെന്ന ഗുരുതര ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. തിരിമറികളിലൂടെ ജനാധിപത്യ അവകാശങ്ങൾ കവർന്നെടുത്തതിനാൽ ഗ്യാനേഷ് കുമാറിന് ആ പദവിയിൽ തുടരാൻ അർഹതയില്ലെന്ന് പ്രമേയത്തിൽ വ്യക്തമാക്കുമെന്നാണ് റിപ്പോർട്ട്.
140 അംഗ സഭയിൽ മൂന്ന് ബി.ജെ.പി അംഗങ്ങൾ ഒഴിച്ച് ബാക്കി 137 അംഗങ്ങളുടെ (യു.ഡി.എഫ് - 102, എൽ.ഡി.എഫ് - 35) പിന്തുണ പ്രമേയത്തിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി.ജെ.പി അംഗങ്ങൾ പ്രമേയത്തെ ശക്തമായി എതിർക്കാൻ സാധ്യതയുണ്ട്.