ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം; ആധാര്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ സുപ്രധാന ഇടപെടലുമായി സുപ്രീംകോടതി. ആധാര്‍ കാര്‍ഡിനെ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കാമെന്നാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. കരട് വോട്ടര്‍ പട്ടികയില്‍ ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ ആധാര്‍ പരിഗണിക്കണമെന്നും ആധാര്‍ കാര്‍ഡിന്റെ ആധികാരികത തെരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിക്കാമെന്നും സുപ്രീംകോടതി പറയുന്നു.
ആധാര്‍ ഉപയോഗിക്കുന്നതിലെ നിയമത്തില്‍ വ്യക്തതയുണ്ട്. ഔദ്യോഗിക രേഖകളിലൊന്നാണ് ആധാര്‍. മേല്‍വിലാസത്തിനുളള രേഖയുമാണ്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ഐഡന്റിറ്റി രേഖയുമാണ് ആധാര്‍. എന്നാല്‍ ആധാര്‍ നിയമം അനുസരിച്ച് പൗരത്വ രേഖയല്ല, കമ്മീഷന്‍ ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കണമെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു.
വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ ആധാറിനെ പന്ത്രണ്ടാമത്തെ രേഖയായി ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കുകയും ചെയ്തു. ആധാര്‍ പന്ത്രണ്ടാമത്തെ രേഖയായി ഉപയോഗിക്കുന്നതില്‍ എന്താണ് തടസമെന്ന് സുപ്രീം കോടതി ചോദിച്ചു. പൗരന്മാര്‍ക്ക് വോട്ടുചെയ്യാന്‍ അവസരമുണ്ടാകണം. വ്യാജരേഖകള്‍ ഉപയോഗിക്കുന്നുണ്ടോ എന്നേ കമ്മീഷന് പരിശോധിക്കാനാകു. വ്യാജ രേഖകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വോട്ടവകാശമുണ്ടാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.