ക്രിസ്തുമസിന്റെ സന്ദേശം സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെ; ഡൽഹിയിൽ പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കുചേർന്ന് പ്രധാനമന്ത്രി
ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ നടന്ന രാവിലത്തെ ക്രിസ്മസ് ശുശ്രൂഷയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ഡൽഹിയിലെയും വടക്കേ ഇന്ത്യയിലെയും വലിയൊരു കൂട്ടം ക്രിസ്ത്യൻ മതവിശ്വാസികൾക്കൊപ്പമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ശുശ്രൂഷയിൽ പങ്കെടുത്തത്.
ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമാണ് കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ.ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ പ്രധാനമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.
സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശം ക്രിസ്മസ് ശുശ്രൂഷയിൽ പ്രതിഫലിച്ചുവെന്നും ക്രിസ്മസിന്റെ ആത്മാവ് നമ്മുടെ സമൂഹത്തിൽ ഐക്യത്തിനും നന്മയ്ക്കും പ്രചോദനം നൽകട്ടെയെന്നും മോദി എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു. നേരത്തെ, പ്രധാനമന്ത്രി പൗരന്മാർക്ക് ക്രിസ്മസ് ആശംസകൾ നേർന്നിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പ്രധാനമന്ത്രി മോദി ക്രിസ്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട പരിപാടികളിൽ പതിവായി പങ്കെടുക്കുന്നുണ്ട്. 2023 ലെ ഈസ്റ്റർ സമയത്ത്, ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ നടന്ന ഒരു പരിപാടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു.
2023 ലെ ഈസ്റ്ററിൽ, മോദി ദേശീയ തലസ്ഥാനത്തെ സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ നടന്ന ഈസ്റ്റർ പരിപാടിയിൽ പങ്കെടുക്കുകയും പുരോഹിതന്മാരുമായും സഭയിലെ അംഗങ്ങളുമായും സംവദിക്കുകയും ചെയ്തിരുന്നു.