ചെങ്കോട്ട സ്‌ഫോടനക്കേസ് ; ഉമര്‍ നബിയുടെ സഹായി അറസ്റ്റില്‍

Nov 16, 2025 - 18:00
 0  3
ചെങ്കോട്ട സ്‌ഫോടനക്കേസ് ; ഉമര്‍ നബിയുടെ സഹായി അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ചെങ്കോട്ട കാർ ബോംബ് സ്ഫോടന കേസിൽ നിർണായക വഴിത്തിരിവ്. ഭീകരാക്രമണം നടത്താൻ ചാവേറായ മുഖ്യപ്രതി ഉമര്‍ നബിയുമായി ഗൂഢാലോചന നടത്തിയ കശ്‌മീരി സ്വദേശിയ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്‌തു.

ആക്രമണത്തിൽ ഉൾപ്പെട്ട കാർ രജിസ്റ്റർ ചെയ്‌ത ഉടമ അമീർ റാഷിദ് അലിയെയാണ് ഡൽഹിയിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്‌തത്. കാര്‍ ഉടമയെ കണ്ടെത്താൻ നടത്തിയ ഊര്‍ജിത തെരച്ചിലിനിടെയാണ് അമീര്‍ അറസ്‌റ്റിലാകുന്നത്. കേസിൻ്റെ മുന്നോട്ടുള്ള നീക്കങ്ങള്‍ക്ക് ഈ അറസ്‌റ്റ് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

ജമ്മു കശ്‌മീരിലെ പാംപോറിലെ സാംബൂറയിൽ താമസിക്കുന്ന പ്രതി, ചാവേർ ബോംബർ എന്ന് ആരോപിക്കപ്പെടുന്ന ഉമർ ഉൻ നബിയുമായി ചേർന്ന് ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്ഫോടനം നടത്താൻ വാഹനത്തിൽ ഘടിപ്പിക്കാവുന്ന ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) ആയി ഉപയോഗിച്ച കാർ വാങ്ങുന്നതിന് സൗകര്യമൊരുക്കുന്നതിനായാണ് അമീർ ഡൽഹിയിൽ എത്തിയത്.

അതേസമയം, ഡൽഹി പൊലീസ്, ജമ്മു കശ്‌മീർ പൊലീസ്, ഹരിയാന പൊലീസ്, യുപി പൊലീസ്, വിവിധ ഏജൻസികൾ എന്നിവയുമായി അടുത്ത ഏകോപനത്തോടെ പ്രവർത്തിക്കുന്ന എൻഐഎ, രാജ്യത്തുടനീളം അന്വേഷണം തുടരുകയാണ്. ബോംബാക്രമണത്തിന് പിന്നിലെ വലിയ ഗൂഢാലോചന പുറത്തുകൊണ്ടുവരുകയാണ് ലക്ഷ്യം.


ഇതേസമയം സ്ഫോടനവുമായി ബന്ധപ്പെട്ട് നടന്ന ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ വിട്ടയച്ച് പൊലീസ്. ഡൽഹി കാർ സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഹരിയാനയിലെ നുഹിൽ നിന്ന് അറസ്റ്റ് ചെയ്‌ത നാല് പേരെയാണ് വിട്ടയച്ചത്. ദേശീയ അന്വേഷണ ഏജൻസിയും (എൻ‌ഐ‌എ) ഡൽഹി പൊലീസും മൂന്ന് ദിവസത്തെ കർശന ചോദ്യം ചെയ്യലിന് ശേഷം വ്യക്തമായ തെളിവുകളോ ഡിജിറ്റൽ കാൽപ്പാടുകളോ ഇല്ലാത്തതിനെ തുടർന്നാണ് ഇവരെ വിട്ടയച്ചത്