ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ല,: 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് ഹൈക്കോടതിയുടെ അനുമതി

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ല,: 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന്  ഹൈക്കോടതിയുടെ അനുമതി

കൊച്ചി: ബലാത്സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായാല്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്ന് ഹൈക്കോടതി.

16 കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ 27 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ നിരീക്ഷണം.

വിവാഹേതര ബന്ധത്തിലോ ലൈംഗികാതിക്രമത്തിനോ ഇരയായി ഗര്‍ഭിണിയായതാണെങ്കില്‍ ഇരകള്‍ അനുഭവിക്കുന്നത് വലിയ ദുരിതമാണ്. ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. 19കാരനായ കാമുകനില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. യുവാവിനെതിരെ കണ്ണൂരില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മകളുടെ ഗര്‍ഭം അലസിപ്പിക്കാനായി അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. 24 ആഴ്ചവരെയായ ഗര്‍ഭം അലസിപ്പിക്കാനേ ഗര്‍ഭച്ഛിദ്ര നിയമം അനുമതിനല്‍കുന്നുള്ളൂ. മെഡിക്കല്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ ഗര്‍ഭം 27 ആഴ്ച പിന്നിട്ടതായി കണ്ടെത്തിയിരുന്നു.

കുട്ടിയെ ജീവനോടെയാണ് പുറത്തെടുക്കുന്നതെങ്കില്‍ ആവശ്യമായ എല്ലാ പരിചരണവും നല്‍കണം. ഹര്‍ജിക്കാരി കുട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറല്ലെങ്കില്‍ സര്‍ക്കാര്‍ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.