എയര്‍ ഇന്ത്യ എക്സ്പ്രസ് അധിക ബാഗേജ് നിരക്ക് കുറച്ചു

എയര്‍ ഇന്ത്യ എക്സ്പ്രസ് അധിക ബാഗേജ് നിരക്ക് കുറച്ചു

ദുബൈ:  യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക്   ആശ്വാസം പകർന്ന് അധിക ബാഗേജ് കൊണ്ടുപോകുന്നതിന് ഏർപ്പെടുത്തിയിരുന്ന ഉയർന്ന നിരക്ക് എയർ ഇന്ത്യ എക്സ്പ്രസ് കുറച്ചു.

ഈ മാസം തുടക്കത്തില്‍ 20 കിലോയ്ക്ക് മുകളിലുള്ള ഓരോ അധിക കിലോയ്ക്കും 50 ദിർഹം വരെ ഈടാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, യാത്രക്കാരുടെ വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് കമ്ബനി തീരുമാനം മാറ്റി. ഇനി മുതല്‍ 30 ദിർഹത്തിന് 10 കിലോ അധിക ബാഗേജ് കൊണ്ടുപോകാം.

ലക്ഷ്യസ്ഥാനം അനുസരിച്ച്‌ നിരക്കില്‍ മാറ്റമുണ്ടാകുമെന്നാണ് വിവരം. സാധാരണയായി, ദൂരം കൂടുന്തോറും അധിക ബാഗേജ് നിരക്കും കൂടുതലായിരിക്കും. നേരത്തെ യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയില്‍ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് പരിധി 30 കിലോയില്‍നിന്ന് 20 ആയി കുറക്കുകയും ചെയ്തിരുന്നു.

വിമാനത്തിന്റെ സുരക്ഷയും യാത്രക്കാരുടെ സുഖവും കണക്കിലെടുത്ത്, പല കാരണങ്ങളാല്‍ വിമാനത്തില്‍ പൂർണ ശേഷിയില്‍ യാത്രക്കാരെ കയറ്റാൻ കഴിയാത്ത സാഹചര്യമാണ്. ഇതിനാലാണ് ബാഗേജ് അനുവദനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയതെന്നാണ് കമ്ബനിയുടെ വിശദീകരണം.

അതേസമയം ഏറ്റവും തിരക്കേറിയ യുഎഇ-ഇന്ത്യ റൂട്ടില്‍ സൗജന്യ ലഗേജ് ആനുകൂല്യം വെട്ടിക്കുറച്ച്‌ കൂടുതല്‍ ലാഭം കൊയ്യാനാണ് എയർ ഇന്ത്യ എക്സ്പ്രസ് ലക്ഷ്യമിടുന്നതെന്നാണ് പ്രവാസികളുടെ ആരോപണം.