ഇംഫാൽ: വംശീയ കലാപങ്ങളെത്തുടർന്ന് ഒരു വർഷത്തോളമായി രാഷ്ട്രപതി ഭരണത്തിലായിരുന്ന മണിപ്പൂരിൽ പുതിയ ജനാധിപത്യ സർക്കാർ അധികാരമേറ്റു. ബിജെപി നിയമസഭാ കക്ഷി നേതാവായ യുമ്നം ഖേംചന്ദ് സിങ് മണിപ്പൂർ മുഖ്യമന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ അജയ് ഭല്ലയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ബിജെപി എംഎൽഎമാരും എൻഡിഎയിലെ പ്രമുഖ നേതാക്കളും ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു.
വംശീയമായി വിഭജിക്കപ്പെട്ട സംസ്ഥാനത്തെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭരണസംവിധാനം ഒരുക്കിയിരിക്കുന്നത്. മെയ്തേയ് വിഭാഗത്തിൽ നിന്നുള്ള ഖേംചന്ദ് സിങ് മുഖ്യമന്ത്രിയാകുമ്പോൾ, കുക്കി വിഭാഗത്തിൽ നിന്നുള്ള നെംച കിപ്‌ജെൻ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. ഗോവിന്ദാസ് കോന്തൗജമാണ് പുതിയ ആഭ്യന്തര മന്ത്രി. നാഗാ വിഭാഗത്തിൽ നിന്നുള്ള ലോസി ദിഖോയെ രണ്ടാമത്തെ ഉപ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
45-ലധികം എംഎൽഎമാർക്കിടയിൽ ഉണ്ടായ സമവായത്തിന്റെ അടിസ്ഥാനത്തിലാണ് ഖേംചന്ദിനെ ഈ പദവിയിലേക്ക് നിശ്ചയിച്ചത്.
62-കാരനായ ഖേംചന്ദ് സിങ് രാഷ്ട്രീയത്തിലും കായികരംഗത്തും ഒരുപോലെ ശ്രദ്ധേയനാണ്. തായ്‌ക്കോണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് ജേതാവായ അദ്ദേഹം സിങ്‌ജമേ മണ്ഡലത്തിൽ നിന്ന് 2017-ലും 2022-ലും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. 2017 മുതൽ 2022 വരെ നിയമസഭാ സ്പീക്കറായും പിന്നീട് എൻ. ബിരേൻ സിങ് മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ, വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.