നടിയെ ആക്രമിച്ച കേസിൽ നാളെ വിധി

Dec 7, 2025 - 12:02
Dec 7, 2025 - 13:22
 0  4
നടിയെ ആക്രമിച്ച കേസിൽ നാളെ  വിധി

കൊച്ചി: ഏറെക്കാലം നീണ്ട വിചാരണയ്ക്കും സാക്ഷിവിസ്താരങ്ങൾക്കും ഒടുവിൽ നടിയെ ആക്രമിച്ച കേസിൽ വിധി നാളെ പുറപ്പെടുവിക്കും. എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. കേസിലെ വ്യക്തതാ വാദം പൂർത്തിയായതോടെയാണ് വിധി പ്രഖ്യാപനത്തിനുള്ള തീയതി പ്രഖ്യാപിച്ചത്. 

കഴിഞ്ഞ തവണ കേസിൽ വാദം കേൾക്കുന്നതിനിടെകോടതി ചോദിച്ച 22 ചോദ്യങ്ങൾക്ക് പ്രോസിക്യൂഷൻ മറുപടി നൽകിയിരുന്നു. എട്ടു വർഷത്തോളം നീണ്ട വിചാരണ നടപടികൾക്കൊടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസ്സിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയാൻ പോകുന്നത്.

2017 ഫെബ്രുവരി പതിനേഴിന് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് നടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തിൽ പ്രതി ചേർക്കാതിരുന്ന നടൻ ദീലീപിനെ തെളിവുകളുടെ അടിസ്ഥാനത്തിൽ ജൂലൈ 10-ന് അറസ്റ്റ് ചെയ്തു. പിന്നാലെ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കി. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബർ മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചു.

ദിലീപും പൾസർ സുനിയും ഉൾപ്പെടെ കേസിലാകെ പത്ത് പ്രതികളാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതേത്തുടർന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

2017 നവംബറിൽ കുറ്റപത്രം സമർപ്പിച്ചു. 2018 മാർച്ച് എട്ടിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചു.