വയനാട്ടിൽ വീണ്ടും കാട്ടാനയാക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

Dec 26, 2025 - 10:12
 0  5
വയനാട്ടിൽ വീണ്ടും  കാട്ടാനയാക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

കൽപ്പറ്റ: വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. അപ്പപ്പാറ ചെറുമാതൂർ ഉന്നതിയിലെ ചാന്ദിനി (65) ആണ് മരിച്ചത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വനത്തിനുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പനവല്ലി-അപ്പപ്പാറ റോഡിന് സമീപം വനത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കാട്ടാനയുടെ കാൽപ്പാടുകൾ ശ്രദ്ധയിൽപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ മുഖത്ത് ആഴത്തിലുള്ള മുറിവുകളുണ്ട്.

ഇവർ ഏത് സാഹചര്യത്തിലാണ് വനത്തിനുള്ളിലേക്ക് പോയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.