അനധികൃത കുടിയേറ്റം തടയാൻ ഡിജിറ്റൽ ഐ ഡിയുമായി യുകെ

അനധികൃത കുടിയേറ്റം തടയുന്നതിനായി പുതിയ ഡിജിറ്റൽ ഐഡി പദ്ധതി അവതരിപ്പിച്ച് യുകെ. ബ്രിട്ടീഷ് പൗരന്മാരുടെയും, തൊഴിലാളികളുടെയും ഡിജിറ്റൽ ഐഡി ഫോണുകളിൽ ലഭ്യമാക്കുന്നതിനാൽ കയ്യിൽ കരുതേണ്ട ആവശ്യമില്ല. ഡിജിറ്റൽ ഐഡി തൊഴിലാളികൾക്ക് നിർബന്ധമാണെന്ന് യുകെ സർക്കാർ അറിയിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യുകെയിൽ നിർത്തലാക്കപ്പെട്ടതായിരുന്നു തിരിച്ചറിയൽ കാർഡുകൾ. ഈ ആശയത്തെ യുകെ സർക്കാരും വളരെക്കാലമായി എതിർത്തിരുന്നു. എന്നാൽ അനധികൃത കുടിയേറ്റം തടയുന്നതിൽ പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ലേബർ പാർട്ടി സമ്മർദ്ദത്തിൽ ആയതിനെ തുടർന്നാണ് നടപടി.
സൗജന്യ ഡിജിറ്റൽ ഐഡിയിൽ പേര്, ജനനത്തീയതി, ഫോട്ടോ, ദേശീയത, വിലാസം എന്നീ വിവരങ്ങൾ ഉൾപ്പെടും. ഡിജിറ്റൽ ഐഡി വഴി അനധികൃത കുടിയേറ്റം തടയാൻ സാധിക്കുമെന്നാണ് യുകെ സർക്കാർ പറയുന്നു. ഡ്രൈവിംഗ്, ശിശു സംരക്ഷണം തുടങ്ങിയ സേവന മേഖലകൾക്ക് ഡിജിറ്റൽ ഐഡി എളുപ്പമാക്കുമെന്നും, നികുതി രേഖകൾ സുഗമമാക്കുമെന്നും സർക്കാർ പുറത്തിറങ്ങിയ പ്രസ്താവനയിൽ പറയുന്നു.