ദീപക്കിന്റെ മരണം; പ്രതി ഷിംജിത റിമാൻഡിൽ
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി ഷിംജിതയെ റിമാൻഡ് ചെയ്തു. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഷിംജിതയെ മഞ്ചേരി ജയിലിലേക്ക് മാറ്റും. കനത്ത പോലീസ് സുരക്ഷയിലാണ് പ്രതിയെ കോടതിയിൽ എത്തിച്ചത്. ജാമ്യാപേക്ഷ മറ്റെന്നാൾ പരിഗണിക്കും.
ഇന്ന് ഉച്ചയ്ക്കാണ് വടകരയിലെ ബന്ധുവീട്ടിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ഇവരെ പിടികൂടിയത്. ദീപക്കിന്റെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കണ്ണൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ദീപക് തന്നോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് ഷിംജിത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ദീപക്കിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടന്നു. ഇതിൽ മനംനൊന്താണ് ദീപക് കഴിഞ്ഞ ഞായറാഴ്ച ജീവനൊടുക്കിയത്.
സംഭവദിവസം ബസിൽ ആരും പരാതി പറഞ്ഞിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽ അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നുമാണ് ബസ് ജീവനക്കാർ പോലീസിനെ അറിയിച്ചത്. ഷിംജിത മുൻകൂർ ജാമ്യത്തിനായി കോഴിക്കോട് ജില്ലാ കോടതിയിലാണ് അപേക്ഷ നൽകിയത്. മകനെ അപമാനിച്ച് മരണത്തിലേക്ക് തള്ളിവീഴ്ത്തിയെന്നാണ് ദീപക്കിന്റെ കുടുംബം ആരോപിക്കുന്നത്.