തിരുവനന്തപുരത്ത് മേയറായി വി.വി രാജഷ് സ്ഥാനമേറ്റു: കൊച്ചിയിൽ വി.കെ മിനിമോൾ, കൊല്ലത്ത് എ.കെ ഹഫീസ്
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളിലും മേയര്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. തിരുവനന്തപുരത്ത് ചരിത്രത്തിലാദ്യമായി ബിജെപിയും കൊല്ലത്ത് ഇതാദ്യമായി കോണ്‍ഗ്രസും മേയര്‍ സ്ഥാനം സ്വന്തമാക്കി. അധ്യക്ഷ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം കേരളത്തിലെ ആറ് കോർപ്പറേഷനുകളിലും 86 നഗരസഭകളിലും പുതിയ മേയര്‍മാരും ചെയര്‍പേഴ്സണ്‍ മാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
കൊച്ചി, തൃശൂര്‍, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് കോര്‍പ്പറേഷനുകളിലാണ് പുതിയ മേയര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തത്. തിരുവനന്തപുരം കോർപ്പറേഷൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു പുത്തൻ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ബിജെപിയുടെ വി വി രാജേഷ് മേയറായി. കൊല്ലം കോർപറേഷനിൽ എ.കെ ഹഫീസും, തൃശൂരിൽ നിജി ജസ്റ്റിനും കൊച്ചിയിൽ വി.കെ മിനിമോളും മേയറായി. കണ്ണൂരിൽ പി. ഇന്ദിര, കോഴിക്കോട്ട് ഒ. സദാശിവൻ എന്നിവരും മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
വൻ അട്ടിമറികളും ഗ്രൂപ്പ് പോരുകളും നാടകീയ നീക്കങ്ങളും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രക്രിയക്കൊടുവിലാണ് പുതിയ നഗരപിതാക്കൾ സ്ഥാനമേറ്റെടുത്തത്.
തിരുവനന്തപുരം രാവിലെ നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 100 കൗണ്‍സിലര്‍മാരില്‍ 99 പേര്‍ വോട്ട് ചെയ്തു. 50 ബിജെപി അംഗങ്ങളുടേയും കണ്ണമ്മൂല വാർഡിൽ നിന്ന് വിജയിച്ച സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍റേയും വോട്ട് നേടി 51 വോട്ടോടെയാണ് രാജേഷ് വിജയിച്ചത്.
കേരളത്തിൽ ഒരു കോർപ്പറേഷൻ ഭരിക്കുന്ന ആദ്യ ബിജെപി മേയർ എന്ന ഖ്യാതിയോടെയാണ് വി വി രാജേഷ് ചുമതലയേല്‍ക്കുന്നത്. മേയറായ ശേഷം ആദ്യമായി ഒപ്പു വെച്ച ഫയല്‍ വയോമിത്രം പദ്ധതി 101 വാര്‍ഡുകളിലേക്കും വ്യാപിപ്പിക്കാനും കൂടുതല്‍ ഫണ്ട് അനുവദിക്കാനുമുള്ളതാണെന്ന് രാജേഷ് പറഞ്ഞു.