ഡൽഹിയിലെ വായു മലിനീകരണം; ആശങ്ക പങ്കുവെച്ച് നിതിൻ ഗഡ്കരി
ഡൽഹി: ദേശീയ തലസ്ഥാനത്തിലെ വായുമലിനീകരണത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഡൽഹിയിലെ മലിനീകരണം തൻ്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും മൂന്ന് ദിവസം ഡൽഹിയിൽ താമസിക്കുമ്പോഴേക്കും തനിക്ക് അലർജി അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകൻ ഉദയ് മഹുർക്കറുടെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിലും പരിസര പ്രദേശങ്ങളിലെയും മലിനീകരണത്തിൻ്റെ 40 ശതമാനവും ഗതാഗത മേഖലയിൽ നിന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനാൽ, ഫോസിൽ ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്നും പരിസ്ഥിതി സൗഹൃദ ബദലുകൾ സ്വീകരിക്കണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.
വായു ഗുണനിലവാര സൂചികയിൽ നോയിഡ (426) ഒന്നാമതും, ഡൽഹി (412) രണ്ടാമതുമാണ്. കഴിഞ്ഞ വർഷവും ഡൽഹിയിലെ മലിനീകരണത്തെക്കുറിച്ച് ഗഡ്കരി സമാനമായ രീതിയിൽ പ്രതികരിച്ചിരുന്നു. വായുമലിനീകരണം കാരണം ഡൽഹിയിലേക്ക് വരാൻ തന്നെ തനിക്ക് മടിയാണെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. വരും ദിവസങ്ങളിലും ഡൽഹിയിലെ വായുനിലവാരം മോശം നിലയിൽ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.