വിദ്യാഭ്യാസ സാംസ്‌കാരിക വ്യാജന്മാര്‍ പെരുകുന്ന കാലം; കാരൂർ സോമൻ , ലണ്ടൻ

വിദ്യാഭ്യാസ സാംസ്‌കാരിക വ്യാജന്മാര്‍ പെരുകുന്ന കാലം; കാരൂർ സോമൻ , ലണ്ടൻ



കാരൂര്‍ സോമന്‍, ലണ്ടന്‍

ശ്രീ.എം.എ.ബേബിയുടെ 'അറിവിന്റെ വെളിച്ചം നാടിന്റെ തെളിച്ചം' എന്ന കൃതിയില്‍ പറയുന്നത് 'പണക്കൊഴുപ്പും അധികാര ഇടനാഴികളിലെ സ്വാധീനവും വിദ്യാഭ്യാസ മേഖലയെ വരിഞ്ഞുമുറുക്കാന്‍ പ്രാപ്തിയുള്ള കാഴ്ചയാണ് 2001 - 06 ല്‍ കണ്ടത്. വിദ്യാഭ്യാസം കച്ചവട ചരക്കായി മാറി' വിദ്യാഭ്യാസ രംഗത്തെ നശീകരണ ഭൗതിക യഥാര്‍ത്ഥ്യം 2011 ല്‍ അദ്ദേഹം വെളിപ്പെടുത്തി. ഇന്നും അതിന്റെ അടിത്തറ ഇളക്കികൊണ്ടിരിക്കുന്നു. കേരളത്തില്‍ ജോസഫ് മുണ്ടശേരിക്ക് ശേഷം വളരെ ദിശാബോധത്തോടെ അക്ഷരജ്ഞാനത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. തുടര്‍ന്നുണ്ടായ നാളുകളില്‍ വിദ്യാഭ്യാസം ഒരു കച്ചവട ചരക്കായി മാറിയ അനുഭവങ്ങളാണ് നമ്മള്‍ കാണുന്നത്. അതിനുള്ളിലെ ഇടനാഴികകളില്‍ നടക്കുന്ന സ്വാധീനവലയത്തെ ആട്ടിയോടിക്കാന്‍ ആരും ശ്രമിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ പി.എച്ച്ഡി ലഭിക്കുക, വ്യാജ രേഖയുണ്ടാക്കി തൊഴില്‍ നേടുക, പിന്‍വാതില്‍ നിയമനം നടത്തുക, പരീക്ഷ എഴുതാതെ ജയിക്കുക, തൊഴില്‍ ലഭിക്കുക തുടങ്ങിയവ ഇത്ര സമൃദ്ധിയായി വിളവെടുക്കുന്ന ഒരു കാലമുണ്ടായിട്ടില്ല. അതില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെമാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അധികാരത്തില്‍ വരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരം ഒരു ചരക്കായി ഒരുത്പന്നമായി മാറ്റിമറിച്ചു. ഉത്പാദകനും ഉപഭോക്താവും തമ്മിലാണ് കച്ചവടം നടക്കുന്നത്. വാസ്തവത്തില്‍ ഇത് വരച്ചുകാട്ടുന്നത് ഒരു ബൂര്‍ഷ്വസമൂഹത്തെ വളര്‍ത്തുന്നതാണ്. 'നീയെന്റെ പുറം ചൊറിയുക, ഞാന്‍ നിന്റെ പുറം ചൊറിയാം' എന്ന ബൂര്‍ഷ്വാ സാമ്പത്തിക ശാസ്ത്രമാണ് നടക്കുന്നത്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മേലങ്കിയണിഞ്ഞവര്‍ മറ്റുള്ളവരെ കളിപ്പാവകളായി കാണുന്നു. ഇവര്‍ സ്വന്തം താത്പര്യങ്ങള്‍ക്കായി സമൂഹത്തെ ചുഷണം ചെയ്യുന്നു. ഈ കുറ്റവാളികളെ തീറ്റിപ്പോറ്റുന്ന, ആശ്രിതത്വത്തില്‍ നിര്‍ത്തുന്നവര്‍ ജനാധിപത്യത്തെ തളര്‍ത്തുന്നവരാണ്. എന്റെ നാട്ടിലും ജാതിമത ഗുണ്ടാ രാഷ്ട്രീയ അതിപ്രസരം ഞാന്‍ അനുഭവിച്ചിട്ടുണ്ട്. സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലും ഇതൊക്കെ കുറെ നടക്കുന്നുണ്ട്. പ്രബുദ്ധമായ കേരളത്തിലാണോ പാപപങ്കിലമായ ഈ അരാജകത്വം നടക്കുന്നത്?

സ്വന്തക്കാരെ, സ്തുതിപാഠകരെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തിരുകികയറ്റുന്ന ഒരു സംസ്‌കാരം കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തുമില്ല. കോപ്പിയടിച്ചു ഡോക്ടറേറ്റ് നേടിയവരും, പരീക്ഷകള്‍ പാസ്സാകുന്നവരും, എല്‍.എല്‍.ബി എടുത്തവരും കേരളത്തില്‍ ധാരാളമാണ്. ഇവര്‍ അധ്യാപകരായും, വക്കിലന്മാരായും, സാംസ്‌കാരിക നായകന്മാരെയും വിരാജിക്കുന്നത് സംശയത്തോടെ പലരും കാണുന്നു. ഈ കൂട്ടര്‍ മൂല്യവത്തായ വ്യക്തിത്വമോ ഉള്‍കാഴ്ചയോ ഇല്ലാത്തവരാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ തണലില്‍ ഓരോ ദിവസവും മൗനത്തിന്റെ കുടുതുറന്നുവരുന്ന പക്ഷികളെപോലെ സമൂഹത്തില്‍ അശാന്തിയുടെ ചിത്രം വരയ്ക്കുന്നു. ഈ നികൃഷ്ട സമീപനങ്ങള്‍ പിന്നീട് സാമൂഹ്യ കോലാഹലങ്ങളായി മാറ്റപ്പെടുന്നു. ഇതിന് സാക്ഷികളാകുന്നതും ഇരകളാക്കുന്നതും ഉറക്കളച്ചും കഷ്ടപ്പെട്ടും കടമെടുത്തും പഠിച്ച വിദ്യാര്‍ത്ഥികളാണ്. ഇവരോട് കാട്ടുന്ന ക്രൂരത തുറിച്ച കണ്ണുകള്‍കൊണ്ടാണ് സമൂഹം കാണുന്നത്. മനുഷ്യന്റെ ബോധമണ്ഡലം, സ്വത്വബോധം ഇവിടെ ഉണരേണ്ടതുണ്ട്. കേരളത്തില്‍ സാംസ്‌കാരികമായ ഒരു ഇടപെടല്‍ എന്തുകൊണ്ട് ഉണ്ടാകുന്നില്ല?

ഈ മൂല്യച്യുതി വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല, ജനത്തിന് ഉണര്‍വും ഉജ്ജീവനവും നല്‍കേണ്ടവരുടെയിടയിലും കാണുന്നു. എന്തിലും സരസമായ കഥാപശ്ചാത്തലം സൃഷ്ടിക്കുന്നവര്‍ മനുഷ്യര്‍ നേരിടുന്ന മാനസികവും സാമൂഹ്യവുമായ പ്രശ്‌നങ്ങള്‍ കാണുന്നില്ല. മനുഷ്യരുടെ നീറുന്ന പ്രശ്‌നങ്ങള്‍ അനുവാചകഹ്ര്യദയത്തെ ചമല്‍കൃതമാക്കാന്‍ എഴുത്തുകാര്‍ ശ്രമിക്കുന്നില്ല. അവിടെയും പുറത്തുവരുന്നത് അപഹാസ്യമായ കാര്യങ്ങളാണ്. ഡോ.എം.രാജീവ് കുമാര്‍ എഴുതിയ 'പിള്ള മുതല്‍ ഉണ്ണി വരെ' എന്ന കൃതിയില്‍ കേരളത്തിലെ പല പ്രമുഖ പ്രതിഭാശാലികള്‍ സ്വദേശ വിദേശ പുസ്തകങ്ങളില്‍ നിന്ന്, കഥ -നോവലുകളില്‍ നിന്ന് കോപ്പി ചെയ്തത് തുറന്നു കാട്ടുന്നു. കേരളത്തില്‍ ചൂടപ്പംപോലെ വിറ്റഴിഞ്ഞിട്ടുള്ള പല കൃതികളും ഇങ്ങനെ വ്യാജ നിര്‍മ്മിതി നടത്തി കേരള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അവിടെയും രാഷ്ട്രീയത്തിന്റെ അദര്‍ശ്യമായ കവചം, പിന്‍ബലമുണ്ട്. കേരളത്തിലെ മാധ്യമങ്ങള്‍, അധികാരികള്‍ കെട്ടിപ്പൊക്കിയ പ്രമുഖരായ എത്രയോ എഴുത്തുകാരുടെ കീരിടങ്ങള്‍ ഈ കൃതിയില്‍ അഴിഞ്ഞുവീഴുന്നു. തികച്ചും ഈ കൃതി ആത്മപ്രതിഫലനാത്മകം തന്നെ. ഇന്ത്യന്‍ നിയമത്തില്‍ പുസ്തകത്തില്‍ നിന്നുള്ള കോപ്പിയടിയാണ് കുറ്റകരം അല്ലാതെ ഇന്‍ഫോ വൈഞ്ജാനിക കൃതികളില്‍ നിന്നുള്ളതല്ല. ഏത് പുസ്തകത്തില്‍ നിന്ന് ചോരണം നടത്തിയാലും, അപഹരണമായാലും അവിടെ 'കടപ്പാട്' കൊടുത്താല്‍ കട്ടെഴുത്ത് എന്ന അപവാദം ഒഴുവാക്കാം. ഈ കുട്ടരിലെ ആത്മനിര്‍വ്യതി ഭാഷയുടെ നേട്ടമല്ല അതിലുപരി നോട്ടമാണ്. സാഹിത്യത്തില്‍ കുരുടന്‍ പിടിച്ച വടിപോലെയവര്‍ ജീവിക്കുന്നു.

വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്ന ഈ കലാലയ രാഷ്ട്രീയം അല്ലെങ്കില്‍ രാഷ്ട്രീയ വീക്ഷണം വിവേചനത്തിന്റെ വഴികള്‍ തുറന്നിടുക മാത്രമല്ല ഗുണനിലവാരശോഷണവും സംഭവിക്കുന്നു. ഈ ചൂഷണ സംവിധാനത്തില്‍ നിന്ന് മോചനം നേടാതെ സാംസ്‌കാരികമായൊരു വളര്‍ച്ചയുണ്ടാകില്ല. പൊതുവിദ്യാഭ്യാസ, സാഹിത്യ സാംസ്‌കാരിക, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അഴിമതി അധികാരപ്രേതം അലഞ്ഞുനടക്കുന്നത് അവസാനിപ്പിച്ച് പുതുശക്തിയാര്‍ജ്ജിക്കയാണ് വേണ്ടത്. സങ്കുചിതമായ താല്പര്യത്തേക്കാള്‍ വിശാലമായ കാഴ്ചപ്പാടുകളുണ്ടായാല്‍ മാത്രമേ വിദ്യാഭ്യാസ സാംസ്‌കാരിക സ്വാതന്ത്ര്യമനുഭവിക്കാന്‍, തുല്യാവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കു. അതാണ് പൊതുജനമാഗ്രഹിക്കുന്നത്. ഈ വിശ്വാസ്യത കൊണ്ടുവരേണ്ടത് ഭരിക്കുന്ന സര്‍ക്കാരുകളാണ്.