ഇഷ്ടമായിരുന്നോ നിനക്കെന്നെ: കവിത, മിനി സുരേഷ്

ഇഷ്ടമായിരുന്നോ നിനക്കെന്നെ: കവിത,  മിനി സുരേഷ്
ഒന്നു ഞാൻ ചോദിച്ചോട്ടെ
നിനക്കെന്നെയിഷ്ടമായിരുന്നോ
ചിറകടിച്ചാത്മാവ് പറന്നു പോകും
മുൻപൊരുത്തരം നൽകുമോ
മധുരമെത്ര മധുരം നുണയാതെ പോയപ്രണയം
മറുമൊഴി കേൾക്കാത്ത നോവാണെനിക്കനുരാഗം
ജീവനാഡിയിൽ നീറിപ്പടർന്നിടും നിരാശകളുടെ
നിഴൽ മങ്ങിയ തപ്തതാഴ് വാരങ്ങളിൽ
പാവമീയൊറ്റക്കിളിയെത്രനാളായലയുന്നു
ഹൃദയമണികോവിലിൽ 
നിൻ രൂപമെന്നുംമായാതെ തെളിയുന്നു 
മിഴിയോരത്തിലടരും നീർമിഴിയിതളുകളിൽ
ചിന്നിയുടയുന്നിടനെഞ്ചിലെ നെടുവീർപ്പുകൾ
ഏകാന്തരാവിന്നിടനാഴികളിൽ
ദുഃഖ സ്മൃതികളിന്നും വീണ മീട്ടുന്നു
ത ന്ത്രികളിന്നുംതേങ്ങുന്നുവിഷാദാർദ്ര ഗദ്ഗദം 
കനലെരിവെയിലിൽ കരിഞ്ഞ കിനാവുകൾവിതുമ്പുന്നു
വിടരാതെ പോയ കരിഞെട്ടുകൾ കേഴുന്നു
ഭഗ്നമോഹങ്ങൾ കാലിടറി വീഴുന്നു
ശൂന്യതയുടെ ജഡജീർണ്ണതകൾ തളരുന്നു
രാക്കിളിപ്പാട്ടിന്റെ താളം പിഴക്കുന്നു
എൻ വഴിക്കെന്നെ വെടിഞ്ഞു പോകല്ലേ
സഫലമേകാത്ത വിമൂഡ മോഹങ്ങളുമായി
കണ്ണിമയ്ക്കാതെ കാത്തിരിക്കുന്നു
പിടയുമുയിർ കാതോർത്തിരിക്കുന്നു
വരും ജന്മത്തിലൊന്നിക്കാമെന്നൊരു വാക്കിനായി