ആദിമ കാലം മുതലുള്ള ചരിത്രം പരിശോധിച്ചാൽ മനുഷ്യപുരോഗതിയുടെ അടിസ്ഥാനം സർഗാത്മകതയാണ്. സർഗാത്മകതയെന്നാൽ
ഭാവനയും നവീന ആശയങ്ങൾ കണ്ടെത്തുവാനുള്ള കഴിവും ചേർന്ന സൃഷ്ടി വൈഭവമാണ്. മനുഷ്യൻ്റെ സർഗാത്മകതയാണ് ശാസ്ത്രത്തെയും സംസ്കാരത്തെയും എന്നും മുന്നോട്ട് നയിച്ചിരുന്ന ശക്തി. സാഹിത്യവും , കലകളും ശാസ്ത്രവുമെല്ലാം സർഗാത്മകതയുടെ പ്രതിഫലനങ്ങളാണ്. ഇന്ന് മനുഷ്യ സംസ്കാരത്തെ മാറ്റി മറിക്കുന്ന പുതിയൊരു കവാടത്തിലേക്ക് ലോകം പ്രവേശിച്ചിരിക്കുകയാണ് കൃത്രിമ ബുദ്ധി. (Al അഥവാ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്)
സർഗാത്മകതയ്ക്കൊപ്പം പുതിയൊരു സഹയാത്രികൻ . സഹയാത്രികൻ്റെ കൂടെ സർഗാത്മകത പുതിയ പാതയിലൂടെ മുന്നേറുമ്പോൾ ഓരോ മേഖലകളിലും സംഭവിക്കുന്ന നേട്ടങ്ങളും , കോട്ടങ്ങളും പരിശോധിക്കാം
സാഹിത്യ രംഗം
കഥ, കവിത ,ലേഖനങ്ങൾ ,തുടങ്ങിയവ രചിക്കുവാനും ,പുതിയ ആശയങ്ങൾ തേടുവാനും കൃത്രിമ ബുദ്ധി സാഹിത്യകാരന്മാരെ സഹായിക്കുന്നു. കഥാ പാത്രങ്ങൾ , കഥകളുടെ പശ്ചാത്തലം , കവിതാ വരികൾ എന്നിവയും Al യിലൂടെ എളുപ്പം കണ്ടെത്താം. വ്യാകരണ പരിശോധനയും , പുതിയ വാചകങ്ങൾ രൂപപ്പെടുത്തലും വിവർത്തനവുമെല്ലാം കൈവിരൽ തുമ്പിലേക്ക് കൃത്രിമ ബുദ്ധി വേഗം എത്തിക്കുന്നു. സാഹിത്യകാരന്മാർക്ക് പ്രസാധകരുടെ സഹായമില്ലാതെ സ്വന്തം രചനകൾ തയ്യാറാക്കി പങ്കു വയ്ക്കാം. എന്നാൽ കൃത്രിമ ബുദ്ധി നൽകുന്ന രചനകൾക്ക് ആത്മാശവും , വികാരങ്ങളും ഉണ്ടായിരിക്കുകയില്ല. പിറവിയുടെ
നോവനുഭവിച്ചാണ് ഓരോ സർഗ്ഗസൃഷ്ടിയും ജന്മം കൊള്ളുന്നത്. ഓരോ എഴുത്തുകാരൻ്റെയും വ്യക്തിത്വവും , അനുഭവങ്ങളും അവരുടെ രചനകളിൽ പ്രകടമായിരിക്കും . കൃത്രിമ ബുദ്ധി നൽകുന്ന രചനകൾക്ക് ആത്മാവും , ചൈതന്യവുമില്ലാത്ത വെറും യാന്ത്രിക സ്വഭാവം മാത്രമാണ് ഉള്ളത്.
കലാരംഗത്ത് അത്ഭുതാവഹമായ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ കൃത്രിമ ബുദ്ധിയ്ക്ക് കഴിയും. അഭിരുചിയില്ലാത്തവർക്ക് പോലും ചിത്രരചനയും സംഗീതവുമൊക്കെ കരഗതമാക്കുവാൻ Al സഹായിക്കുന്നു. നൂതന ആശയങ്ങളും സാങ്കേതിക മികവും Al മൂലം സാദ്ധ്യമാകുന്നുണ്ട്. സിനിമയുടെ പല നിർമ്മാണ ഘട്ടങ്ങളിലും Al നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ഇപ്പോൾ തീയേറ്ററുകളിലെത്തുന്ന പല ചിത്രങ്ങളുടെയും ശബ്ദസംയോജനത്തിലും മറ്റും വന്നിട്ടുള്ള
മാറ്റങ്ങൾ അതിശയിപ്പിക്കുന്നതാണ്. ഇവിടെയും കലാകാരൻ്റെ പ്രവർത്തന ക്ഷമത കുറയുന്നതോടൊപ്പം കലയുടെ ആത്മീയ സുഖവും നഷ്ടപ്പെടുന്നുണ്ട്.
സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം കാണുവാൻ സാധിക്കുന്നു എന്നതാണ് ശാസ്ത്ര- ഗവേഷണ മേഖലയിലുണ്ടായ നേട്ടം. പുതിയ ഗവേഷണ മേഖലകൾ തുറക്കുന്നതോടൊപ്പം തെറ്റായ നിഗമനങ്ങൾക്കും വഴി തെളിക്കാം എന്നൊരു സന്ദേഹം കൂടിയുണ്ട്. Al നൽകുന്ന ഡാറ്റായെ അന്ധമായി ആശ്രയിക്കുന്നത് മനുഷ്യൻ്റെ സർഗാത്മകമായ ചിന്തകളെ പുറകോട്ട് വലിക്കുന്നതിനും കാരണമാകും.
വിദ്യാഭ്യാസ മേഖലയിൽ Al അദ്ധ്യാപനത്തിനാവശ്യമായ മാധ്യമങ്ങൾ നൽകി അദ്ധ്യാപകരുടെ ജോലി കൂടുതൽ സുഗമമാക്കുന്നു. വിദ്യാർത്ഥികൾക്ക് അനുയോജ്യമായ പഠനരീതി നൽകുന്നു . നേട്ടത്തിനൊപ്പം വളർന്നു വരുന്ന തലമുറയുടെ ചിന്താശക്തി തന്നെ ഇല്ലാതാക്കുന്നു എന്നതാണ് പ്രധാന ദോഷം. കൂടാതെ അദ്ധ്യാപകരുടെ അനുഭവ സമ്പത്തിനും വ്യക്തിത്വത്തിനും ഉള്ള പ്രസക്തി നഷ്ടമാകുന്നു. ക്രിയാത്മകമായി പഠിക്കേണ്ട പല കാര്യങ്ങളും കോപ്പി പേസ്റ്റ് രീതിയിലേക്ക് വഴി തിരിയുന്നത്
സർഗാത്മകതയെ ഉന്മൂലനം ചെയ്യും.
വിപ്ലവകരമായ പല മാറ്റങ്ങളും സാമൂഹിക സാംസ്കാരിക രംഗത്ത് കൊണ്ടു വരുവാൻ Al യ്ക്ക് സാധിക്കും. പഴയ പല കലാ സൃഷ്ടികളും ഡിജിറ്റൽ രീതിയിലേക്കാക്കുവാൻ സാധിക്കുന്നു . Al തർജിമകൾ ഭാഷകളും , സംസ്കാരങ്ങളും തമ്മിലുള്ള വിടവുകൾ നികത്തുവാൻ സഹായിക്കുന്നുണ്ട്. . ഇവിടെയും സാമൂഹിക മൂല്യങ്ങളും സംസ്കാരങ്ങളും വികൃതമാകുന്നു എന്നൊരു കുറവു കൂടിയുണ്ട്.
മനുഷ്യ ബന്ധങ്ങളുടെ ആത്മാർത്ഥതയും , പരസ്പര സ്നേഹവും കുറയും. യാന്ത്രികതയും , സ്വാർത്ഥതയും മനുഷ്യ മനസ്സുകളെ കീഴടക്കും .
Al ഉപയോഗിച്ച്. വ്യാജ വീഡിയോകൾ എളുപ്പത്തിൽ നിർമ്മിക്കുവാൻ സാധിക്കും ഇത് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വാർത്തകൾ നിഷ്പ്രയാസം പ്രചരിപ്പിക്കുന്നതിന് വഴി തെളിക്കും. ഇവിടെ സർഗാത്മകത മൂല്യച്യുതിയിലേക്ക് വഴുതി വീഴുന്നു. ധാർമ്മികത കൈ വിടാതെയും ,സമൂഹത്തോടുള്ള ഉത്തരവാദിത്തം മറക്കാതെയും ആയിരിക്കണം കൃത്രിമ ബുദ്ധിയെ കൂട്ടു പിടിക്കേണ്ടത്.
രോഗ നിർണ്ണയത്തിൽ Al യുടെ സഹായം മൂലം കൃത്യത ലഭിക്കുന്നുണ്ട്. പക്ഷേ ചികിത്സാ രീതി Al യുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാകുമ്പോൾ ഭിഷഗ്വരന്മാരുടെ സർഗാത്മകശേഷി തന്നെ കുറയുന്നു. ചുരുക്കം പറഞ്ഞാൽ മനുഷ്യ ബുദ്ധി ഉപയോഗിച്ച് ചെയ്തിരുന്ന പല മേഖലകളിലും കൃത്രിമ ബുദ്ധിയുടെ കടന്നുകയറ്റം തൊഴിലില്ലായ്മയ്ക്കു വരെ കാരണമാകും. ഭാവനയും ദയയും സ്വപ്നങ്ങളുമില്ലാത്ത Al യെ ഒരു ഉപകരണം മാത്രമായി കണക്കാക്കുക. കൃത്രിമ ബുദ്ധി സർഗാത്മകതക്ക് ഒരേ സമയം മിത്രവും , ശത്രുവും ആകുന്നുണ്ട്.
സർഗാത്മകതയുടെ വെളിച്ചം മനുഷ്യ ഹൃദയങ്ങളിൽ തെളിഞ്ഞില്ലെങ്കിൽ കൃത്രിമ ബുദ്ധി വഴികാട്ടി ആകുകയില്ല. സർഗാത്മകത നിറഞ്ഞ ഓരോ സ്വപ്നങ്ങളും ചിറകിലേറ്റി കൃത്രിമ ബുദ്ധി ലോകം മുഴുവനും പറക്കട്ടെ. വിശാലമായ വിജ്ഞാനത്തിൻ്റെ കവാടമായ കൃത്രിമ ബുദ്ധിയെ സർഗാത്മകതയുടെ എതിരാളിയായി കാണാതെ സഹയാത്രികനായി ചേർത്തു പിടിക്കുന്നതാണ് നന്മയും, കരുത്തും . കൃത്രിമ ബുദ്ധിയും , സർഗാത്മകതയും കൈ കോർത്ത് നീങ്ങുന്ന കാലമായിരിക്കും ഭാവി ലോകം. മനുഷ്യ ഹൃദയത്തിൻ്റെ സ്പന്ദനങ്ങളും , കൃത്രിമ ബുദ്ധിയുടെ നൈപുണ്യവും സംഗമിക്കുമ്പോൾ പുതിയ ഒരു യുഗം തന്നെ സൃഷ്ടിക്കപ്പെടും.