ഇന്നലെകൾ......... കവിത 

Mar 5, 2026 - 15:14
Mar 5, 2026 - 16:25
 0  15
ഇന്നലെകൾ.........   കവിത 

ശുഭ ബിജുകുമാർ 

ഗൃഹാതുരത്വമുണർത്തുന്ന  
ഇന്നലെകളിൽ 
ഞാൻ എന്നെ
തിരയുന്നു.

സന്ധ്യയിൽ മഞ്ഞിന്റെ
വിഷാദഛവി പുരണ്ട
മന്ദസ്മിതം എനിക്കു
സമ്മാനിച്ച് പിരിയുന്ന 
സൂര്യൻ.

ചിമ്മി ചിമ്മി ഇമ
അടച്ചു മയങ്ങി
വീഴുന്ന തളിർച്ചെടികൾ.

വെറ്റിലക്കൊടികൾക്ക്
താഴെ പൂവിട്ട
പൊൻ ചെമ്പകം 
പൊഴിക്കുന്ന ഗന്ധം 
ഓർമ്മകളെ
തൊട്ടുണർത്തുന്നു.

ജനാലച്ചില്ലിൽ 
മുഖം ചേർത്തു 
ഞാൻ നിൽക്കവേ,
മറയുന്ന സൂര്യനെ
കാതരമിഴിയോടെ നോക്കി 
വസുധ മന്ത്രിക്കുന്നു,
വീണ്ടും കാണാമെന്ന്.

സ്നേഹത്തിന്റെ 
അദൃശ്യ നൂലാൽ 
ഓരോ ചരാചരങ്ങളും
ബന്ധിക്കപ്പെട്ടിക്കുന്നു.

പറയാതെ ഉള്ള 
ഉറപ്പിനാൽ 
അസ്തമയത്തിൽ
പൊഴിഞ്ഞു വീണ സൂര്യൻ
അടുത്ത പുലരിയിൽ
ഗാഢാലിംഗനം നൽകി 
ഓരോ ജീവനെയും
ഉണർത്തുന്നു.

വീണ്ടും കാണാമെന്ന്
ഉറപ്പു പറയാതെ
എന്നെയുണർത്തി,
ആ കിളികളും മറയുന്നു.

ഓർമ്മകളിൽ
ഞാനവരെ
വീണ്ടും കാണും.
മനസ്സിന്റെ
ലോകങ്ങളിൽ
ഞാനെന്നും
എല്ലാം ചേർത്തു
പിടിക്കുന്നു.

ഇന്നലെകളിൽ ഞാൻ
എന്നെ തിരയുന്നു.