പന്തിരുകുലത്തിന്റെ പിൻഗാമികൾ: പുസ്തകാവലോകനം, ഡോ. അജയ് നാരായണൻ

പന്തിരുകുലത്തിന്റെ പിൻഗാമികൾ: പുസ്തകാവലോകനം, ഡോ. അജയ് നാരായണൻ


ന്ത്രണ്ടുകഥകളുടെ സമാഹാരം എന്ന നിലയ്ക്ക് “പന്തിരുകുലം” എന്ന പേരിട്ടു ശ്രീ കെ. സുധാകരൻ എഴുതിയ പുസ്തകം വായിച്ചുതുടങ്ങിയപ്പോൾ കഥകളുടെ രാജശില്പിയായ കാരൂരിനെ ഓർത്തു. നിഷ്കളങ്കഭാവത്തിൽ, സൂക്ഷ്മതയോടെ കഥകൾ സൃഷ്ടിക്കുന്ന കാരൂർ ഭാഷാകഥകളുടെ നവോത്ഥാനകാലത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ച പ്രതിഭയാണ്. കാരൂർകഥകളുടെ ശൈലി “പന്തിരുകുല”ത്തിൽ ഉണ്ടെന്ന് തോന്നുമെങ്കിലും അത് തികച്ചും യാദൃശ്ചികവുമാകാം.
സുധാകരന്റെ വാക്കുകൾ കടമെടുത്താൽ, “ഈ കഥകൾ എന്റെ ബാല്യം മുതൽ ഉണ്ടായിരുന്നുവെന്നു വേണം കരുതാൻ”. ഈ തിരിച്ചറിവിന്റെ വസന്തമാണ് *പന്തിരുകുലം* എന്നുള്ള ബോധ്യമാവും ഏതൊരു വായനക്കാരനും ഉണ്ടാവുക.

അതിസൂക്ഷ്മമായ കഥാതന്തുക്കളിൽ ജീവിതം കാണിച്ചുതന്നതെല്ലാം വ്യക്തമായി വരയ്ക്കുന്നു സുധാകരൻ ഈ കഥകളിലൂടെ. ഇവയൊക്കെയും സാധാ രണ മനുഷ്യരുടെ കഥകൾ ആണ്. അവരുടെ നോവും വേവും കാഴ്ചകളും കാഴ്ചപ്പാടുകളും വളരെ തെളിമയോടും സൂക്ഷ്മതയോടും വരയ്ച്ചിടുമ്പോൾ കഥാലോകത്ത് സ്വന്തം കുലമഹിമ വിളിച്ചുചൊല്ലുകയാണ് സുധാകരൻ.

ഓരോ കഥയിലൂടെയും കടന്നുപോകേണമോ എന്ന് ഈ അവലോകനം എഴുതുമ്പോൾ സംശയിച്ചു. പറയാൻ ഏറെ ഉണ്ട്, പറഞ്ഞാലോ തീരുകയുമില്ല. ആ അവസ്ഥ അവലോകനകാരന്റെ പരിമിതിയാണുതാനും. ചില തെരഞ്ഞെടുപ്പ് അതുകൊണ്ട് അവശ്യം തന്നെ.

പല കാരണങ്ങളാൽ മനസ്സിൽ തങ്ങിനിൽക്കുന്ന നാലു കഥകളെക്കുറിച്ചുള്ള പരാമർശങ്ങൾ ആണ് ഞാൻ ഇവിടെ നടത്തുന്നത്. അമരൻ, സുകൃതക്ഷയം, പ്രതികാരം, സാക്ഷത്കാരം എന്നീ കഥകൾ സൂക്ഷ്മതലത്തിൽ പരിശോധിച്ചാൽ നമ്മുടെ സമൂഹത്തിന്റെ ഒരു കണ്ണാടിയാണ് എന്ന് തോന്നുന്നു.
എല്ലാ ക്ലാസ്സിലും മൂന്നുവട്ടം തോറ്റപ്പോൾ, കാർന്നോര് ഒരു തൂമ്പായെടുത്തു കയ്യീ തന്നിട്ട്, അതോണ്ട് ജീവിക്കാൻ പറഞ്ഞു… അങ്ങനെ ജീവിതം കെട്ടിപ്പടുത്ത ഒരു ഗ്രാമീണൻ ആണ് തോപ്പിൽ മഠത്തിൽ കുഞ്ഞനന്തമേനോൻ. മേനോന്റെ ആത്മഗതങ്ങളിലൂടെ ഗതകാലം വരയ്ക്കുന്നു, ഞാൻ എന്ന ഭാവത്തിലൂടെ, *അമരൻ* എന്ന കഥയിലൂടെ കഥാകാരൻ. ഗ്രാമീണമായ പദപ്രയോഗങ്ങളിലൂടെ വികാരവിചാരങ്ങൾ പ്രകടമാക്കുന്ന ആഖ്യാനശൈലി. ലളിതമായ വാക്കുകൾ, കുറിക്കുകൊള്ളുന്ന ധ്വനികൾ. ഒരു കഥാകാരന്റെ ഒതുക്കം കൃത്യമായി വരച്ചുകാട്ടിയ കഥ ആധുനികശൈലിയിൽ അല്ല വരച്ചത്. പക്ഷേ, ഇതിലെ കഥാതന്തു പലരൂപത്തിൽ, ഭാവത്തിൽ നമുക്ക് അനുഭവഭേദ്യമാണ്.
ആധുനികമനുഷ്യന്റെ സ്വഭാവവൈകൃതങ്ങൾ ആക്ഷേപഹാസ്യഭാവത്തിൽ വരച്ചുകാട്ടുന്ന രസകരമായ കഥയാണ്, “പ്രതികാരം”. സ്വന്തം വീട്ടിൽ കറണ്ട് പോയാൽ, അടുത്ത വീട്ടിലും കറണ്ട് പോയി എന്ന കാഴ്ച ആശ്വാസംപകരുന്ന നമ്മുടെ ജീവിതശൈലിയിൽ ഒരു പോസിറ്റീവ് ഊർജം പകരുന്ന കഥാപാത്രം ആണ് വാസുദേവപ്പിഷാരടി. അയൽ വീട്ടിലേക്ക് ചാഞ്ഞുകിടക്കുന്ന മാങ്കൊമ്പിൽ വിളയുന്ന മാമ്പഴം അവിടത്തെ ത്രേസ്യാമ്മ പെറുക്കിക്കൊണ്ടുപോകുന്നത് സഹിക്കാം, പക്ഷേ മാവ് പൊഴിക്കുന്ന ഇലകളും തിന്നുതീർത്ത പഴത്തിന്റെ ചണ്ടിയും ഇങ്ങോട്ട് എറിയുന്നത് സഹിക്കാൻ വയ്യാണ്ടായി ഷാരസ്യാർക്ക്. ഒരു ബഹളം പ്രതീക്ഷിച്ച വാസന്തിയും വർക്കിയും ത്രേസ്യാമ്മയും പക്ഷേ നിരാശരായി. ചപ്പും ചവറും വാരിക്കൂട്ടി ഷാരടി ജാതിയുടെ കടയ്ക്കൽ ഇട്ടു. പിറ്റേന്ന് രാവിലെ മുറ്റമടിക്കാൻ ചെന്ന വാസന്തി കണ്ടത്, വൃത്തിയായി കിടക്കുന്ന മുറ്റം. ത്രേസ്യാമ്മ ചവറിടാൻ വേറെ സ്ഥലം കണ്ടുപിടിച്ചുകാണും.


ഈ കഥ ഒറ്റ നോട്ടത്തിൽ ഒരു പരിസ്ഥിതിവാദ കഥയായി തോന്നാം. എന്നെ സംബന്ധിച്ച് ഇത്‌ അതിനും ഒരു പടി മേലെയാണ്. അയൽക്കാരന്റെ ദുഷിച്ച ചിന്തയെ മാറ്റിമറിക്കുന്ന സത്പ്രവർത്തി ആയിരുന്നു, അവർ വലിച്ചെറിഞ്ഞ ചവറെല്ലാം സ്വയം വാരിക്കളഞ്ഞ വാസുദേവപ്പിഷാരടിയുടെ പ്രവർത്തി. ആ അതെല്ലാം “ജാതി”യുടെ ചോട്ടിൽ വളമാക്കി മാറ്റിയപ്പോൾ രണ്ടു മഹാമതങ്ങൾക്ക് വളമാക്കിയ നല്ല സന്ദേശമായി “പ്രതികാരം” എന്ന ഈ കഥ. എത്ര ലളിതമായും സത്യസന്ധമായും ഒരു കൊച്ചുകഥയിലൂടെ ഒരു മഹത്സന്ദേശം വരച്ചുകാട്ടുന്നു സുധാകരൻ!

ജാതിമേൽക്കോയ്മയുടെ പൊള്ളത്തരം ഒരു കുഞ്ഞിന്റെ സ്വരത്തിലൂടെ വിളിച്ചു പറയുന്നു, “സുകൃതക്ഷയം” എന്ന കഥയിലൂടെ. ഗോവിന്ദൻ നായരുടെ വീട്ടിലെ മോരിന്റെ സ്വാദ് വല്ലാത്തതാണ്. പക്ഷേ, അത് വാങ്ങുവാനുള്ള മാർഗ്ഗം വല്ലാത്തതും. വഴിമധ്യേ ഒരു പട്ടിയുണ്ട്. അതിനെ കീഴടക്കാൻ ജോസഫ് എന്ന ചങ്ങാതി. അവനുള്ള കൈക്കൂലിയാണ് തമിഴൻ വിൽക്കുന്ന ഐസ് ഫ്രൂട്ട്. മോര് വാങ്ങാൻ ചെന്നാൽ ഗോവിന്ദൻ നായരുടെ അടുക്കള വാതുക്കൽ പോകണം. പോയാലോ, കൊണ്ടുവന്ന പാത്രം കമഴ്ത്തിവയ്ക്കണം. മോരിന്റെ വില ഉള്ളം കയ്യിലേ വാങ്ങൂ. ഇതാണ് അവസ്ഥ.
സുകുവും ജോസഫും തമ്മിലുള്ള സംസാരം, അച്ഛനും സുകുവും തമ്മിലുള്ള സംസാരം എല്ലാം ചില സംശയങ്ങൾക്കുള്ള ഉത്തരമാകുന്നു. കുട്ടികളുടെ മനസ്സിലൂടെയുള്ള ഈ സഞ്ചാരം രസകരമാണ്. ചില ചോദ്യങ്ങൾക്ക് ഉത്തരമില്ല എന്നതിനാലോ, ഇനി അവിടെ പോകുമ്പോൾ അത് മോൻ അവരോടുതന്നെ ചോദിച്ചോളൂ” എന്ന് പറയുമ്പോൾ അച്ഛന്റെ പരാജയവും മോന്റെ വിജയവും കാണാം.
“വെറുതെയല്ലല്ലോ മോര് തരുന്നത്, പൈസ തന്നിട്ടല്ലേ? പൈസ നിലത്തുവയ്ക്കാതെ വാങ്ങുന്നുണ്ടല്ലോ…” എന്നുറച്ച ശബ്ദത്തിൽ പറയുന്ന സുകു മോര് വാങ്ങാതെ ആ വീട്ടിൽനിന്നും പോകുമ്പോൾ, ആയമ്മ പിറുപിറുക്കുന്നു, “സുകൃതക്ഷയം”.
ഒരുപാട് തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ശക്തമായ കഥയാണ് ഇത്. അനാചാരങ്ങൾക്കെതിരെയുള്ള ഒരു വിപ്ലവത്തിന്റെ തീ കൊളുത്താനുള്ള ശക്തിയോടെയാണ് സുകു ആ വീട്ടിൽനിന്നും പോകുന്നത്. ആ സ്ത്രീയോട്, ‘നിങ്ങളുടെ മോര് ഇനി വേണ്ട’ എന്നു പറയുമ്പോൾ ഒരു സമൂഹത്തോടുംകൂടിയാണ് ഈ സന്ദേശം. അവന്റെ വീട്ടിലും ആ സന്ദേശം എത്തിക്കാണും, അവരത് അഭിമാനത്തോടെ ഉൾക്കൊണ്ടുകാണും. ശക്തമായ ഒരു കഥയുടെ വ്യാഖ്യാനം ഈ രീതിയിലേ വായിച്ചെടുക്കാൻ കഴിയൂ.

നാലാമതായി ഞാൻ പ്രതിപാദിക്കുന്ന കഥയാണ് “സാക്ഷാത്കാരം”. കൗമാരം കടന്നു യൗവനത്തിലെത്തുന്ന കുട്ടികളുടെ മാനസികാവസ്ഥ സൂക്ഷിച്ചുവേണം അറിയാനും അതനുസരിച്ചു പ്രതികരിക്കാനും. ആ പ്രായത്തിൽ അവരുടെ സ്നേഹം, ആദരവ്, പ്രണയം എല്ലാം അപ്രതീക്ഷിതമായ വഴികളിലൂടെ ഒഴുകുന്ന പുഴപോലെയാണ്. ബെഞ്ചമിനോട് വാത്സല്യം കാട്ടിയ സുലക്ഷണടീച്ചർ, അതിനെ പ്രണയമായി വ്യാഖ്യാനിച്ച സഹപാഠികളും അധ്യാപകരും. പഠനം നിർത്തിപ്പോയ ബെഞ്ചമിൻ വർഷങ്ങൾക്കുശേഷം ടീച്ചറെ കാണാൻ വരുന്ന മനോഹരമായ മുഹൂർത്തം വായിച്ചുതന്നെ അനുഭവിക്കണം. അധ്യാപകവിദ്യാർത്ഥി ബന്ധത്തിന്റെ പരിശുദ്ധി കാട്ടിയ കഥയാണ് ഇത്.
ഈ കഥയിലും ശൈലി ലളിതമാണ്. നേരിട്ടു സംവദിക്കുന്ന ആഖ്യാനശൈലി സുധാകരന്റെ മുഖമുദ്രയാണ്. മറ്റു കഥകളിലും ഇതേ രീതിയാണ് കാണുക. ഒറ്റ ഇരുപ്പിൽ വായിച്ചുതീർക്കാവുന്ന ഈ കഥകൾ പുതിയ വായനക്കാർക്ക്, യുവതയ്ക്ക് ഒരു മാർഗ്ഗദർശമേകുന്ന പാഠങ്ങളുമാണ്. കഥാശൈലിയിൽ നേരിട്ടു പറയുന്ന രീതി, ചിലപ്പോൾ അത് “എന്റെ” കഥയും പലപ്പോഴും “അവരുടെ” കഥയും ആകുന്നു. കാലവും ഒരു ഘടകമായി വരുന്നു പല കഥകളിലും. എങ്കിലും അതൊന്നും ഏച്ചുകൂട്ടിയതല്ലതാനും. ഇതിലെ ഭാഷാപ്രയോഗങ്ങൾ കൗതുകകരവും വിജ്ഞാനപ്രദവും ആണ് എന്നതും അടിവരയിട്ട് പറയണം.

സുധാകരന്റെ കഥകളുടെ അന്തർധാര സ്നേഹമാണ്. അത് എല്ലാ കഥകളിലും പനിനീർചോലപോലെ ഒഴുകി വായനക്കാരന് കുളിര് സമ്മാനിക്കുന്നു. പന്തിരുകുലം ഒരു വായനാനുഭവമാണ്. സുധാകരൻ എന്ന കഥാകൃത്തിന്റെ ആത്മാവിഷ്ക്കാരവും.


ഡോ. അജയ് നാരായണൻ
Wexford