എറണാകുളം- ബെംഗളുരു വന്ദേഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

Nov 8, 2025 - 13:00
Nov 8, 2025 - 13:03
 0  4
എറണാകുളം- ബെംഗളുരു വന്ദേഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കൊച്ചി: കേരളത്തിന് പുതുതായി അനുവദിച്ച എറണാകുളം – ബെംഗളുരു വന്ദേ ഭാരത് എക്സ്പ്രസ് (26651/26652) ട്രെയിനിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ചു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിനിന്റെ ഉദ്ഘാടനയാത്ര. എട്ട് കോച്ചുകളുള്ള ട്രെയിന്‍ ബുധന്‍ ഒഴികെ ആഴ്ചയില്‍ ആറ് ദിവസം സര്‍വീസ് നടത്തും.

എട്ട് കോച്ചുകളുള്ള ട്രെയിനില്‍ 600 യാത്രക്കാര്‍ക്ക് ഒരു സമയം യാത്രചെയ്യാന്‍ കഴിയുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. സർവ്വീസുകൾ ചെവ്വാഴ്ച (11 നവംബർ) മുതൽ ആരംഭിക്കും. എറണാകുളം-ബെംഗളൂരു വന്ദേ ഭാരതിന് ആകെ ഒൻപത് സ്റ്റഷനുകളിലാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. എറണാകുളം സൗത്ത്, തൃശൂർ,പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കൃഷ്ണരാജപുരം, കെഎസ്ആർ ബെംഗളൂരു എന്നിങ്ങനെയാണ് ട്രെയിൻ കടന്നുപോകുന്ന സ്റ്റോപ്പുകൾ.

ഒൻപത് മണിക്കൂറിനുള്ളിൽ 608 കിലോമീറ്റർ ട്രെയിൻ ഓടിയെത്തും. കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2:20ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരുവിൽ എത്തിചേരും. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തിചേരും.

എട്ട് മണിക്കൂർ 40 മിനിറ്റുകൊണ്ട് ഓടിയെത്തുന്ന വന്ദേ ഭാരത് ഈ റൂട്ടിലെ ഏറ്റവും വേഗമേറിയ ട്രെയിനാണ്. ബുധനാഴ്ചകളിൽ സർവീസ് ഉണ്ടാകില്ലെന്നാണ് റെയിൽവെ അറിയിപ്പ്. ബെംഗളൂരുവിലേക്കും തിരിച്ച് എറണാകുളത്തേക്കുമുള്ള വന്ദേഭാരതെന്ന മലയാളികളുടെ ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. ജോലിക്കും പഠനാവശ്യത്തിനുമായി നിരവധി മലയാളികൾ ബെംഗളൂരുവിൽ കഴിയുന്നുണ്ട്.

ടിക്കറ്റ് നിരക്ക്

ഭക്ഷണം ഉൾപ്പടെ എറണാകുളത്ത് നിന്ന് ബെംഗളൂരു വരെയുള്ള ചെയർകാർ നിരക്ക് 1615 രൂപയാണ്. എക്‌സിക്യൂട്ടീവ് ക്ലാസിൽ ഭക്ഷണം ഉൾപ്പടെ 2980 രൂപയാണ്.ഭക്ഷണമില്ലാത ചെയർ കാർ നിരക്ക് 1,095 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസ് സീറ്റിന് 2,289 രൂപയും ആയിരിക്കും, റിസർവേഷൻ ഫീസ്, സപ്ലിമെന്ററി, കാറ്ററിങ് ചാർജുകൾ, ജിഎസ്ടി എന്നിവ ഇതിൽ ഉൾപ്പെടില്ല.

ബുക്കിങ് തുടങ്ങി

യാത്രക്കാർക്ക് ഓൺലൈനായും ഓഫ്ലൈനായും ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയും. ഓൺലൈൻ ബുക്കിങ്ങിനായി യാത്രക്കാർക്ക് ഐആർസിടിസി ഉപയോക്തൃ ഐഡി ഉണ്ടായിരിക്കണം, ഇതു ഉപോയഗിച്ച് ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. അതേസമയം അടുത്തുള്ള റെയിൽവേ റിസർവേഷൻ കൗണ്ടറിലൂടെ ഓഫ്ലൈൻ ബുക്കിങ്ങുകളും സാധ്യമാണ്.