സ്വർണപ്പാളിയിൽ തിരിമറി നടന്നു, കാണാതായത് 474.9 ഗ്രാം; അന്വേഷണത്തിന് ഹെക്കോടതി നിർദേശം

Oct 10, 2025 - 19:34
 0  9
സ്വർണപ്പാളിയിൽ തിരിമറി നടന്നു, കാണാതായത് 474.9 ഗ്രാം;  അന്വേഷണത്തിന്  ഹെക്കോടതി നിർദേശം

ശബരിമല സ്വർണക്കൊള്ളയിൽ കേസ് റജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിക്കാൻ ഹൈക്കോടതി നിർദേശം. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട് തിരിമറി നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 2019ൽ സ്വർണം പൂശിയ സമയത്ത് 474.9 ഗ്രാം സ്വർണമാണ് കാണാതായിട്ടുള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിജിലൻസ് കണ്ടെത്തലുകളിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സംസ്ഥാന പൊലീസ് മേധാവിയെ കേസിൽ കക്ഷി ചേർത്തു. ദേവസ്വം വിജിലൻസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതിയുടെ നടപടി. ദേവസ്വം ചീഫ് വിജിലൻസ് ഓഫിസറുടെ റിപ്പോർട്ട് ഇന്നു തന്നെ ദേവസ്വം ബോർഡിന് കൈമാറാൻ കോടതി നിർദേശിച്ചു. ബോർഡ് ഇത് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറണം. തുടർന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശത്തിൻ്റെ അടിസ്‌ഥാനത്തിൽ എസ്ഐടി കേസ് റജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

വിജിലൻസ് എസ്‌പി സുനിൽകുമാറാണ് ശബരിമല സ്വർണപ്പാളി കേസുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറിയത്. ശബരിമലയിൽനിന്ന് ഇളക്കിമാറ്റിയ സ്വർണപ്പാളികൾ ശനിദോഷം അകറ്റാനും ഐശ്വര്യത്തിനായുമായും കോടിക്കണക്കിന് രൂപക്ക് ബെംഗളൂരുവിൽ വിറ്റഴിച്ചുവെന്നാണ് വിജിലൻസ് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നതെന്നാണ് വിവരം.