വമ്പൊടിഞ്ഞ കൊമ്പന്‍; കവിത,ടോബി തലയല്‍

വമ്പൊടിഞ്ഞ കൊമ്പന്‍; കവിത,ടോബി തലയല്‍

മൊട്ടയടിച്ച്‌ ചങ്ങലക്കിട്ട സഹ്യന്റെ മകന്‍!
നീ മുന്നോട്ടായുമ്പോള്‍
ഏതോ മുടിഞ്ഞ തറവാടിന്റെ
ദുരഭിമാനത്തില്‍ കടഞ്ഞ
നാല്‌ തൂണുകള്‍ ആടുന്നു,
മുന്നിലും പിന്നിലും
ആട്ടു കേട്ട്‌ വളഞ്ഞ രണ്ട്‌ കഴുക്കോലുകള്‍,
ഇരുവശത്തും
ഉമ്മറത്തെ വെടി കേട്ട്‌ പൊട്ടിപ്പോയ
രണ്ടു വിശറികള്‍,
വമ്പ്‌ വിളിച്ചോതിയ കൊമ്പ്‌ രണ്ടെണ്ണം:
കാരണവര്‍ കഴുത്തില്‍ ഞാത്തിയ
പ്രൗഢിയുടെ മേല്‍മുണ്ട്‌!

കരിവീട്ടിയുടെ കറുപ്പില്‍
ഒരു കാടിന്‍റെ കരുത്ത്‌ പതിയിരിക്കുന്നു
എങ്കിലുമൊരു ചെറു വടിയുടെ മുന്നില്‍
നീ ചൂളി നില്‍ക്കുന്നു.
മദമിളകിയ കരിമേഘങ്ങള്‍ക്കൊപ്പം

മിന്നലാളുന്ന കൊമ്പുകുലുക്കി,
തുമ്പികൈയ്യില്‍ പെരുമഴ നിറച്ച്‌,
ചിന്നം വിളിക്കുന്ന പുഴയായ്‌,
ഒരിക്കല്‍ നീ കാടിളക്കി.
ആര്‌ കുടിയിറക്കീ നിന്നഭിമാനം?
ആര്‌ പിളര്‍ത്തീ നിന്നമ്മ തന്‍ മാനം?

ഇരുട്ടുകൊണ്ട്‌ നിന്റെ
കണ്ണുകള്‍ മൂടിയിരിക്കുന്നു
ചെണ്ടകൊട്ടിക്കുന്നതറി യാതെ നീ
പഞ്ചാരിയുടെ പെരുക്കമാകുന്നു
കുഴലൂത്തു കേട്ട്‌ മതി മറന്ന്‌
സ്വന്തം കണ്‌ഠത്തിന്റെ
ഇടിമുഴക്കം മറക്കുന്നു
പറയില്‍ അളന്നത്‌ പതിരാണെന്നറിയാതെ
തലകുലുക്കി വണങ്ങി നില്‍ക്കുന്നു.

മേളങ്ങള്‍ കളമൊഴിഞ്ഞാല്‍
നീ എഴുന്നെള്ളിച്ച അലങ്കാരങ്ങളെല്ലാം
അഴിഞ്ഞുപോകും
നെറ്റിപ്പട്ടവും വെഞ്ചാമരവും
ആലവട്ടവും ഊര്‍ന്നുപോകും
പെരുമകള്‍ കൊടിയിറങ്ങും

നഗ്‌നത പുതപ്പിച്ച്‌
നിന്നെ പെരുവഴിയിലൂടെ നടത്തും
തോട്ടിമുനയില്‍ കോര്‍ത്ത്‌
ആജ്ഞകള്‍ക്കു മുമ്പില്‍ മുട്ടുകുത്തിക്കും
ഭാരങ്ങളില്‍ തളച്ചിടും.

നീയൊന്നിടഞ്ഞാല്‍ വീണുടയുന്നത്‌
ജീര്‍ണിച്ച എടുപ്പുകള്‍
വെച്ചുകെട്ടിയ തിടമ്പുകള്‍
നീ കാലൊന്നു കുടഞ്ഞാല്‍
അറ്റുപോകുന്നത്‌
അടിമയാക്കിയവന്റെ ധാര്‍ഷ്ട്യം
വീണ്ടെടുക്കുന്നത്‌
വാരിക്കുഴിയില്‍ വീണ നിന്റെ സ്വാതന്ത്ര്യം.

ടോബി തലയല്‍