ഓർമ്മക്കുളിര്: കവിത, അരുൺ വി സജീവ്

ഓർമ്മക്കുളിര്: കവിത,  അരുൺ വി സജീവ്

 

 

രാത്രിപൂത്തൊരാ താരകപ്പൂക്കൾ തൻ-
നേർത്തശോഭയെ നോക്കിക്കിടക്കവേ
കൂട്ടിയെന്നെയവ ഭൂതകാലത്തിന്റെ
ഓർമ്മകള്‍ മേയും സുന്ദരതീരത്ത്.

പൂമരച്ചില്ല മാടിവിളിക്കുന്ന
പച്ചപുല്കും ചെരുവിന്നരികിലെ
കൊച്ചുഗ്രാമത്തിലായിരുന്നെൻബാല്യം
പിച്ചവെച്ചതുമോടിക്കളിച്ചതും.

പുഞ്ചിരിക്കുംപുലർവെട്ടമന്നെന്നെ
പിച്ചിനോവിച്ചുണർത്തിടും നിത്യവും.
ഒട്ടുമേ മടിയാതെഴുന്നേറ്റു ഞാൻ കൊച്ചരുവിയിൽ
മുങ്ങിക്കുളിച്ചിടും.

ചെമ്പകപ്പൂക്കൾ ചെമ്മെ ചിതറിയ
ചേലെഴും മുറ്റം താണ്ടീട്ട് പിന്നെ ഞാൻ
കോവിലിൽ വാഴും തേവർക്കു
മുന്നിലായ്
ചെന്നു കൈകൂപ്പി നിന്നു വണങ്ങിടും

മഞ്ഞുപെയ്യുംമകരത്തണുപ്പിലും
നിന്നുപെയ്യുന്ന കർക്കിടകത്തിലും
കൃത്യമായ്ത്തുടർന്നുപോന്നീ ചര്യ 
നിത്യവും മുടക്കമതില്ലാതെ.

കന്നു മേയുന്ന പാടത്തിന്നോരത്തെ
ചേറുപൊത്തിയ നീളൻവരമ്പത്തും
ചെമ്മണ്ണു ചാന്തിട്ട നാട്ടുവഴിയിലും 
മണ്ടി, മോദേന വേഗത്തിലന്നു ഞാൻ.

നാട്ടുമാങ്കനിയാവോളംകിട്ടുന്ന
തോപ്പിലായുണ്ട് പേരയും, നെല്ലിയും
കൂട്ടുനില്പുണ്ട് ചില്ലകളാകവെ 
മാങ്ങപേറുംകശുമാവും വരികളായ്.

കൂട്ടരൊത്തു കളിക്കുന്നനേരത്ത്
അന്നു, നാക്കിലിട്ടൊരാ തേൻപുളിതൻസ്വാദ്
ഓർക്കിലിന്നും രുചിമുകുളങ്ങളിൽ
പേർത്തും വെള്ളംനിറയുന്നിതൊത്തിരി.

മുക്കിലെ ചെറുപ്പീടിക മുന്നിലെ
തട്ടിലേറ്റിയ ചില്ലുപാത്രത്തിലെ
നാവിലൊട്ടുന്ന നാരങ്ങമിഠായി
തേൻ പുരട്ടുന്നു ഓർമ്മയിലിപ്പോളും.

അന്നു വായിച്ച ഗദ്യവും പിന്നെയ-
ന്നോർത്തുവെച്ചൊരാ പദ്യ ശകലവും
ബാക്കികാണാൻ കടംകൊണ്ട ഗണിതവും
പ്രജ്ഞയിൽ വന്നുമിന്നിത്തിളങ്ങുന്നു.

ജീവിതപ്പാത താണ്ടി ഏറെയെന്നാകിലും 
ഓർക്കുമൊക്കെയും മാറ്റു കുറയാതെ
മാഞ്ഞുപോയൊരാക്കാലം വിരുന്നെത്തി 
ഓർമ്മയിൽ ഒളിതൂവും ഇടയ്ക്കിടെ.

 

അരുൺ -